നിലമ്പൂർ: ജില്ലാ ആശുപത്രിയിൽ അമ്മയോടൊപ്പം എത്തിയ കുഞ്ഞിന്റെ മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ച യുവതിയെ ജീവനക്കാർ പിടികൂടി പൊലീസിലേൽപ്പിച്ചു. ഏറെ തിരക്കുള്ള സമയത്തായിരുന്നു മാല മോഷണശ്രമം. ഇത് കണ്ടവരും ജീവനക്കാരും യഥാസമയം ഇടപെട്ടതോടെ മാല പൊട്ടിച്ച യുവതി ആശുപത്രി വിടും മുമ്പ് പിടികൂടാനായി. പൊലീസെത്തി യുവതിയെ സ്‌റ്റേഷനിലേക്കു കൊണ്ടു പോയി. എന്നാൽ മാല തിരിച്ചു കിട്ടിയ ഉടമ പരാതി നൽകാഞ്ഞതിനാൽ കേസെടുത്തില്ല.
ഇത്തരത്തിലുള്ള സംഭവങ്ങൾ നേരത്തെയും ആശുപത്രിയിലുണ്ടായിട്ടുണ്ട്. മോഷ്ടാക്കളെ തിരിച്ചറിയാൻ സി.സി.ടി.വി സംവിധാനം വേണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. നല്ല തിരക്കുള്ള സമയങ്ങളിൽ കുട്ടികളെ ശ്രദ്ധിക്കാൻ ഒപ്പമുള്ളവർക്ക് കഴിയാതെ വരുന്നതാണ് മോഷ്ടാക്കൾക്ക് തുണയാകുന്നത്. സ്ത്രീകളും കുട്ടികളും സ്വർണാഭരണങ്ങളണിഞ്ഞ് ആശുപത്രിയിലെത്തുന്നത് ഒഴിവാക്കണമെന്നാണ് പൊലീസിന്റെ ഉപദേശം. ഒ.പി.യിലും കാഷ്വാലിറ്റിയിലും നല്ല തിരക്കാണ് തിങ്കളാഴ്ച ആശുപത്രിയിൽ അനുഭവപ്പെട്ടത്.