സ്വന്തം ലേഖകൻ
മലപ്പുറം: ജില്ലാ കുടുംബശ്രീ മിഷൻ മുഖേന നടപ്പാക്കുന്ന 'കുടുംബശ്രീ ചിക്കൻ' പദ്ധതി ഒരുവർഷം പൂർത്തിയാകുമ്പോൾ നൂറ് കോഴി വളർത്തൽ യൂണിറ്റുകളെന്ന ലക്ഷ്യത്തിലേക്ക്. നിലവിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി അമ്പത് കോഴി വളർത്തൽ യൂണിറ്റുകളാണുള്ളത്. പുതുതായി യൂണിറ്റുകൾ തുടങ്ങാൻ താത്പര്യം പ്രകടിപ്പിച്ചവർക്ക് ഇന്നലെ ചാത്തമംഗലം റിജ്യണൽ പോൾട്രി ഫാമിൽ പരിശീലനം നൽകി. ഇവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സബ്സിഡിയോടെ കോഴിവളർത്തൽ യൂണിറ്റുകൾ തുടങ്ങാനാവും.
കുടുംബശ്രീ അംഗങ്ങൾക്ക് അധിക വരുമാനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
കുടുംബശ്രീ ഗ്രൂപ്പുുകൾക്കും വ്യക്തികൾക്കും കോഴിവളർത്തൽ യൂണിറ്റുകൾ തുടങ്ങാൻ അപേക്ഷിക്കാം. ഓരോ യൂണിറ്റിലും 1,000 കോഴികളെ വളർത്തണം. നാലുപേർ ചേർന്ന് ഒരു യൂണിറ്റായും പ്രവർത്തിക്കാം. ബാങ്കുകളിലൂടെ നേരിട്ട് ലോണെടുക്കുന്നവർക്ക് പത്ത് ശതമാനം തുക സബ്സിഡിയായി ബാങ്ക് അക്കൗണ്ടിലേക്ക് നൽകും. കഴിഞ്ഞവർഷം യൂണിറ്റൊന്നിന് ഒരുലക്ഷം രൂപ തോതിൽ കുടുംബശ്രീ സി.ഡി.എസുകൾ വഴി നൽകിയിരുന്നു. നാല് ശത മാനം പലിശ ചേർത്ത് ഒരുവർഷത്തിനകം തിരിച്ചടയ്ക്കണം. ലോൺ തുക ഒന്നര ലക്ഷം രൂപയാക്കി ഉയർത്തിയിട്ടുണ്ട്.
ഇതിനുള്ള ഫണ്ട് വൈകാതെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജില്ലാ കുടുംബശ്രീ മിഷൻ. ആയിരം കോഴികളെ വളർത്താനുള്ള ഫാം നിർമ്മിക്കാൻ മൂന്നരലക്ഷം രൂപയോളം ചെലവാകും. ബാങ്കുകളിൽ നിന്ന് ലോൺ ലഭിക്കാനുള്ള പ്രൊജക്ട് റിപ്പോർട്ട്, മറ്റ് രേഖകൾ കുടുംബശ്രീയുടെ മൈക്രോ എൻട്രപ്രണർ കൺസൾട്ടന്റ് തയ്യാറാക്കി നൽകും. ഫാം നിർമ്മാണം, കോഴിക്കുഞ്ഞുങ്ങളെ വാങ്ങൽ, തീറ്റ, ഉപകരണങ്ങൾ എന്നിവയ്ക്കായി തുക ഉപയോഗപ്പെടുത്താം.
കരാർ
വളർത്തൽ
സ്വന്തമായി ഹാച്ചറി നിർമ്മിച്ച് കോഴിക്കുഞ്ഞുങ്ങളെ നൽകാനും കുറഞ്ഞ നിരക്കിൽ തീറ്റയും മരുന്നുകളും ലഭ്യമാക്കാനുമുളള തയ്യാറെടുപ്പിലാണ് സംസ്ഥാന കുടുംബശ്രീ മിഷൻ.
നിലവിൽ കുടുംബശ്രീ ചിക്കൻ പദ്ധതിയിലെ ഭൂരിഭാഗം യൂണിറ്റുകളും തമിഴ്നാട്ടിലെ വൻകിടഫാമുകളുടെ കരാർ വളർത്തലിലാണ് ഏർപ്പെട്ടിരിക്കുന്നത്.
കോഴിക്കുഞ്ഞുങ്ങൾ, തീറ്റ, മരുന്ന് എന്നിവ കമ്പനികൾ നൽകും. നോക്കുകൂലിയായി ഒരുകിലോയ്ക്ക് ആറ് രൂപ നിരക്കിൽ ലഭിക്കും.
കുടുംബശ്രീ ഹാച്ചറി യാഥാർത്ഥ്യമാവുന്നതോടെ സംരംഭകർക്ക് കൂടുതൽ ലാഭം ഉറപ്പാക്കാനാവും.
1000
കോഴിക്കുഞ്ഞുങ്ങ ളെയാണ് ഓരോ കുടുംബശ്രീ ചിക്കൻ യൂണിറ്റിലുംവളർത്തുന്നത്.
പദ്ധതി മികച്ച രീതിയിൽ മുന്നോട്ടുപോവുന്നുണ്ട്. കൂടുതൽ വിപുലപ്പെടുത്താനുള്ള നടപടികളിലാണ് കുടുംബശ്രീ മിഷൻ."
സി.കെ. ഹേമലത,
ജില്ലാ ഓഫീസർ, കുടുംബശ്രീ മിഷൻ.
കുടുംബശ്രീ ചിക്കൻ പദ്ധതിയിലേക്ക് കൂടുതൽ പേർ കടന്നുവരുന്നുണ്ട്. സ്ത്രീകൾ കടന്നുവരാൻ തയ്യാറായാൽ സ്ലോട്ടറിംഗ് യൂണിറ്റുകൾ അടക്കം തുടങ്ങാനുള്ള പദ്ധതിയുണ്ട്.
കെ. നിധിൻ , ജില്ലാ പ്രോഗ്രാം മാനേജർ