മലപ്പുറം: ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ മലപ്പുറം നഗരത്തിൽ നിരവധിപേർ പങ്കെുടുത്ത നാമജപയാത്ര സംഘടിപ്പിച്ചു. കോട്ടപ്പടിയിൽ നിന്നാരംഭിച്ച് സിവിൽ സ്റ്റേഷൻ പരിസരത്ത് സമാപിച്ച നാമജപ യാത്രയും പൊതുസമ്മേളനവും ശബരിമല മുൻ മേൽശാന്തി തെക്കിനിയേടത്ത് കൃഷ്ണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. രണ്ടാം രാജാറാംമോഹൻ റോയ് ആകാനുള്ള ശ്രമമാണ് മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടേതെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഹിന്ദുഐക്യ വേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്. ബിജു പറഞ്ഞു. ക്ഷേത്രങ്ങളിലെ ആചാരങ്ങളെയും ശുദ്ധിയെയും പാടെ തകർക്കുകയാണ് കോടതി വിധി. ആർത്തവകാലത്തും ക്ഷേത്രത്തിൽ കയറാമെന്ന് വരെ വിധിച്ചു.
ക്ഷേത്രം ഭക്തന്റേതാണെന്നത് കാറ്റിൽ പറത്തി പൊതുസ്ഥലമാണെന്ന് പറഞ്ഞു. ക്ഷേത്രത്തെ പൊതുസ്വത്താക്കുന്നതിലൂടെ ഹിന്ദു വിരുദ്ധ നിലപാടുകൾ പുലത്തുന്നവർക്കും ക്ഷേത്രങ്ങൾ കൈയടക്കാമെന്ന അവസ്ഥയാവും. അയ്യപ്പ വിശ്വാസികളുടെ യാതൊരു അഭിപ്രായവും പരിഗണിക്കാത്ത വിധിയാണിത്. സുപ്രീംകോടതി വിധി ദുരുപയോഗപ്പെടുത്തി സംസ്ഥാന സർക്കാർ വിശ്വാസികളെ കള്ളക്കേസിൽ കുടുക്കുകയാണെന്നും ഇ.എസ്. ബിജു പറഞ്ഞു. പി.വി. മുരളീധരൻ, എൻ.സി.വി. നമ്പൂതിരിപ്പാട്, ടി. പ്രവീൺ, കെ.ടി. സജീവ്, ടി. വിജയരാഘവൻ തുടങ്ങിയവർ സംസാരിച്ചു.