തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ഇന്റർ കോളേജിയറ്റ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് ഇന്നലെ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ തുടക്കമായപ്പോൾ പുരുഷ വിഭാഗത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിന്റെയും വനിതാ വിഭാഗത്തിൽ പാലക്കാട് മേഴ്സി കോളേജിന്റെയും മുന്നേറ്റം. മൂന്ന് സ്വർണവും ഓരോ വെള്ളിയും വെങ്കലവുമായി 19 പോയിന്റാണ് ക്രൈസ്റ്റിന്റെ സമ്പാദ്യം. തൊട്ടുപിന്നിൽ 12 പോയിന്റുമായി ഗുരുവായൂർ ശ്രീകൃഷ്ണ കോളേജുമുണ്ട്.
രണ്ട് സ്വർണവും ഒരു വെള്ളിയും രണ്ട് വെങ്കലവുമായി 15 പോയിന്റാണ് വനിതാവിഭാഗത്തിൽ മുന്നിൽ നിൽക്കുന്ന മേഴ്സി കോളേജിന്റെ അക്കൗണ്ടിലുള്ളത്. 11 പോയിന്റുമായി യൂണിവേഴ്സിറ്റി ടീച്ചിംഗ് ഡിപ്പാർട്ട്മെന്റ് തൊട്ടുപിന്നിലും. സർവകലാശാലയ്ക്ക് കീഴിലെ 200 ഓളം കോളേജുകളിൽ നിന്നുള്ള രണ്ടായിരത്തോളം താരങ്ങളാണ് മൂന്ന് ദിനങ്ങളായി അരങ്ങേറുന്ന മേളയിൽ മത്സരിക്കുന്നത്. പത്ത് ഇനങ്ങളിൽ ഇന്നലെ ഫൈനൽ നടന്നു. വനിതാവിഭാഗം 500 മീറ്റർ ഓട്ടത്തോടെ ഉണർന്ന ട്രാക്കിലെ ആദ്യ സ്വർണം കല്ലടി എം.ഇ.എസ് കോളേജിലെ സി. ബബിതയുടെ പേരിലാണ്. 500 മീറ്റർ പുരുഷ വിഭാഗത്തിൽ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലെ ബിനു പീറ്ററിനാണ് സ്വർണനേട്ടം.
മേളയിൽ പുരുഷ വിഭാഗത്തിൽ രണ്ട് മീറ്റ് റെക്കാർഡുകളും പിറന്നു. ഹൈജമ്പിൽ മീറ്റ് റെക്കാർഡോടെ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ കെ.എസ്. അനന്തുവും ഹാമ്മർത്രോയിൽ കൊടക്കര സഹ്ദയ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിലെ രാഹുൽ സുബാഷും ആദ്യദിനത്തിലെ താരങ്ങളായി. 37 വർഷം മുമ്പുള്ള ഒളിമ്പ്യൻ രാമചന്ദ്രന്റെ ഹൈജമ്പ് റെക്കാഡാണ് കന്നിയങ്കത്തിൽ അനന്തു തിരുത്തിക്കുറിച്ചത്. 2.02 മീറ്ററാണ് അനന്തു ചാടിയത്.
വനിതാ വിഭാഗത്തിൽ ഹാമ്മർത്രോയിൽ മേഴ്സി കോളേജിന്റെ സി. പവിത്രയും ലോംഗ് ജംപിൽ യൂണിവേഴ്സിറ്റി ടീച്ചിംഗ് ഡിപ്പാർട്ട്മെന്റിലെ കെ. അക്ഷയയും ഷോട്ട്പുട്ടിൽ മേഴ്സി കോളേജിന്റെ ഡോണ ജോയും 400 മീറ്ററിൽ യൂണിവേഴ്സിറ്റി ടീച്ചിംഗ് ഡിപ്പാർട്ട്മെന്റിലെ യു.വി . ശ്രുതിരാജും സുവർണ നേട്ടം കരസ്ഥമാക്കി. പുരുഷ വിഭാഗത്തിൽ ഷോട്ട് പുട്ടിൽ ക്രൈസ്റ്റിന്റെ മുഹമ്മദ് അജ്മൽ ഹുസൈനും 400 മീറ്ററിൽ ക്രൈസ്റ്റിന്റെ വി.കെ. മുഹമ്മദ് ബാദുഷായും സ്വർണം നേടി.