പൊന്നാനി: യുവാവിന്റെ കണ്ണിൽ മുളക് പൊടിയെറിഞ്ഞ് മർദ്ദിച്ചതായി പരാതി. ഞായറാഴ്ച രാത്രിയാണ് അക്രമമുണ്ടായത്. പരിക്കേറ്റ യുവാവിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊന്നാനി അങ്ങാടി സ്വദേശി കക്കാട്ടിൽ അബ്ദുൾ ജബ്ബാറിനെയാണ് ഒരു സംഘം ആളുകൾ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് മർദ്ദിച്ചത്. രാത്രി എട്ടുമണിയോടെ പൊന്നാനി ടി. ഐ .യു.പി സ്കൂളിന് സമീപത്ത് വച്ച് ബൈക്കിലെത്തിയ ഒരു സംഘം കണ്ണിൽ പൊടിയെറിഞ്ഞ ശേഷം ഇയാളെ അക്രമിക്കുകയായിരുന്നു. ഒരു വർഷം മുമ്പ് അബ്ദുൽ ജബ്ബാറിന്റെ മകന് ചികിത്സാ പിഴവ് മൂലം തളർച്ച സംഭവിച്ചിരുന്നു. കുട്ടിയെ പരിശോധിച്ച ഡോക്ടർക്ക് വീഴ്ച്ച പറ്റിയതിനാലാണ് തളർച്ച സംഭവിച്ചതെന്ന ആരോപണവും ഉയർന്നിരുന്നു. തുടർന്ന് അബ്ദുൾ ജബ്ബാർ ഡോക്ടർക്കെതിരെ പരാതി നൽകി. പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് ഒരു സംഘം ആളുകൾ തന്നെ മർദ്ദിച്ചതെന്നും ഇല്ലെങ്കിൽ കൊന്ന് കളയുമെന്ന് ആക്രമികൾ ഭീഷണിപ്പെടുത്തിയതായും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അബ്ദുൾ ജബ്ബാർ പറഞ്ഞു. സംഭവത്തിൽ പൊന്നാനി പൊലീസിൽ പരാതി നൽകി.