നിലമ്പൂർ: ജില്ലാ ആശുപത്രിയിലെ ലഹരി വിമുക്തി ചികിത്സാ കേന്ദ്രം പ്രവർത്തനം തുടങ്ങി. സൈക്യാട്രിസ്റ്റ് ഡോ.ഷാന്റിയുടെ നേതൃത്വത്തിൽ ഒ.പി പ്രവർത്തനങ്ങളാണ് ആരംഭിച്ചത്. എക്സൈസ് അധികൃതരുടെ നേതൃത്വത്തിൽ കൊണ്ടുവന്ന രോഗിയെ പരിശോധിച്ചായിരുന്നു തുടക്കം. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അൻവർ ഇബ്രാഹിമിന്റെ സേവനവും ലഭ്യമാണ്. മുഴുവൻ സംവിധാനങ്ങളും ഒരുക്കി കേന്ദ്രത്തിന്റെ ഔപചാരിക ഉദ്ഘാടനം ഉടനെ നടക്കും. ക്ലീനിംഗ് സ്റ്റാഫ്, സെക്യൂരിറ്റി എന്നിവരെയും നിയമിച്ചിട്ടുണ്ട്.
മാനസികാരോഗ്യ ചികിത്സയും കേന്ദ്രത്തിലുണ്ടാവും. ഇതിനാവശ്യമായ മരുന്നുകൾ ലഭ്യമാക്കാൻ നടപടികളെടുത്തിട്ടുണ്ട്. രാവിലെ ഒമ്പതു മുതൽ ഒരു മണി വരെ ഒ.പി പ്രവർത്തിക്കും. എക്സൈസ് വകുപ്പിന്റെ വിമുക്തി പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് പ്രവർത്തനം തുടങ്ങുന്ന 14 ലഹരി വിമുക്തി ചികിത്സാ കേന്ദ്രങ്ങളുടെ ഭാഗമായാണ് നിലമ്പൂരിൽ സെന്റർ തുടങ്ങിയത്. പി.വി.അൻവർ എം.എൽ.എയുടെ നേതൃത്വത്തിൽ നടത്തിയ ശ്രമങ്ങൾക്കൊടുവിലാണ് കേന്ദ്രം നിലമ്പൂർ ജില്ലാ ആശുപത്രിയിൽ അനുവദിച്ചത്.