note

പെരിന്തൽമണ്ണ: ഒരു കോടിയുടെ നിരോധിതനോട്ടുകൾ കാറിൽ കടത്തവേ രണ്ടു പേരെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. 99,74,000 രൂപയുടെ നിരോധിത 500, 1000 രൂപ കറൻസികളുമായി പനങ്ങാങ്ങര ഉദരാനിക്കൽ അബു (64), കോഴിക്കോട് കുന്നത്ത്പാലം മൂഴിയായിൽ ശങ്കരൻ (48) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഒരു കോടിയുടെ പഴയ കറൻസിക്ക് 25 ലക്ഷം രൂപ വരെ പുതിയ നോട്ടുനൽകാമെന്ന് പറഞ്ഞുറപ്പിച്ച് കമ്മീഷൻ തട്ടിയെടുക്കുന്ന സംഘത്തിന്റെ പ്രവർത്തനം സജീവമാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. വില പറഞ്ഞുറപ്പിച്ച ശേഷം, പുതിയ നോട്ടുകളുമായി പറയുന്ന സ്ഥലത്തെത്താൻ രണ്ടു മുതൽ അഞ്ചു ലക്ഷം രൂപ വരെ അഡ്വാൻസ് ആവശ്യപ്പെടും. ഇത് സംഘത്തിലെ ഏജന്റുമാരുടെ അക്കൗണ്ടിലിടുകയോ നേരിട്ട് നൽകുകയോ ചെയ്യണം. പിന്നീട്, പണവുമായി വരുന്ന സമയം പൊലീസ് പിടിച്ചതായും മറ്റും പറഞ്ഞ് രക്ഷപ്പെടുന്ന പുതിയ തട്ടിപ്പു രീതിയാണ് അരങ്ങേറുന്നത്. ഇത്തരത്തിൽ പണം നഷ്ടപ്പെട്ടവരുടെ വിവരങ്ങൾ ലഭിച്ചതായി പെരിന്തൽമണ്ണ ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രൻ പറഞ്ഞു. ജില്ലയിൽ പെരിന്തൽമണ്ണ സബ് ഡിവിഷനിൽ മാത്രം പ്രത്യേക അന്വേഷണ സംഘം ഇതുവരെ പിടികൂടിയത് 18 കോടിയോളം രൂപയുടെ നിരോധിത കറൻസികളാണ്.