jj
.

മലപ്പുറം: സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് വൈവിദ്ധ്യ സംരംഭങ്ങളുമായി മുന്നോട്ടുകുതിക്കുമ്പോഴും കുടുംബശ്രീയോട് ജില്ലയിലെ പകുതിയോളം കുടുംബങ്ങൾ അകലം പാലിക്കുന്നു. ഒമ്പത് ലക്ഷം കുടുംബങ്ങളിൽ 4.25 ലക്ഷമാണ് കുടുംബശ്രീയിൽ അംഗങ്ങളായിട്ടുള്ളത്. 26,702 അയൽക്കൂട്ടങ്ങൾ ജില്ലയിലുണ്ട്. ഈ സാഹചര്യത്തിൽ കൂടുതൽ കുടുംബങ്ങളെ കുടുംബശ്രീയിലേക്ക് കൊണ്ടുവരാൻ സർവേയും ബോധവത്ക്കരണവും നടത്താനൊരുങ്ങുകയാണ് ജില്ലാ കുടുംബശ്രീ മിഷൻ. സർവേ ഫോം സി.ഡി.എസുകൾ മുഖേന അയൽക്കൂട്ടങ്ങൾക്ക് എത്തിക്കും. നിലവിൽ അംഗങ്ങളല്ലാത്തവരുടെ വീടുകളിൽ നേരിട്ടെത്തി കുടുംബശ്രീയുടെ പ്രവർത്തനങ്ങളെപ്പറ്റി ബോധവത്ക്കരിക്കും. താത്പര്യമുള്ളവരുടെ വിവരങ്ങൾ സി.ഡി.എസിന് കൈമാറും. കൂടാതെ നിലവിൽ നിർജ്ജീവമായ കുടുംബശ്രീകളെ സജീവമാക്കും. കുടുംബശ്രീ മലപ്പുറം എന്ന ഫേസ് ബുക്ക് പേജിൽ സംരംഭകരുടെ വിജയഗാഥകൾ ഉൾപ്പെടുത്തിയുള്ള ഡോക്യുമെന്ററികൾ നൽകും. സംരംഭ ആശയങ്ങൾ പരിചയപ്പെടുത്തുന്ന വീഡിയോകൾ അടുത്ത ആഴ്ച്ച മുതൽ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്യും. വൈവിദ്ധ്യങ്ങളിലേക്ക് കുടുംബശ്രീ അച്ചാറും പപ്പടവും നിർമ്മിക്കുന്ന യൂണിറ്റുകളെന്ന പേരിൽ നിന്ന് സംരംഭങ്ങളുടെ വൈവിദ്ധ്യങ്ങളിലേക്ക് കുടുംബശ്രീ ഇതിനകം കടന്നിട്ടുണ്ട്. തിരൂരിലും തിരുവാലിയിലും കുടുംബശ്രീയുടെ കീഴിൽ കമ്പ്യൂട്ടറൈസ്ഡ് മെഡിക്കൽ ലാബുകളുണ്ട്. ജില്ലയിൽ കുടുംബശ്രീക്ക് കീഴിലുള്ള ആദ്യ ഹോംസ്റ്റേ 19ന് വള്ളിക്കുന്ന് ബാലാതിരുത്തി ദ്വീപിനോട് ചേർന്ന് പ്രവർത്തനം തുടങ്ങും. കായൽ സവാരി, നാടൻ ഭക്ഷണം, കടുക്ക കൃഷി പരിചയപ്പെടൽ തുടങ്ങിയവയ്ക്ക് സൗകര്യമുണ്ട്. രണ്ട് റൂമുകളാണ് ഹോംസ്റ്റേയിലുള്ളത്. വീഡിയോഗ്രാഫി രംഗത്ത് സംരംഭകരെ സൃഷ്ടിക്കാനായി പരിശീലനം നൽകിയിട്ടുണ്ട്. താനൂരിൽ ഹോസ്റ്റലും പ്രവർ‌ത്തനം തുടങ്ങി. കോഡൂർ മൈലപ്പുറത്ത് റൊമാൻസി എന്നപേരിൽ ഹോം മെയ്ഡ് ചോക്ലേറ്റ് നിർമ്മാണ യൂണിറ്റിനും മുണ്ടുപറമ്പിൽ കേക്ക് നിർമ്മാണ യൂണിറ്റിനും തുടക്കമിട്ടിട്ടുണ്ട്. കേക്ക് ആന്റ് ബേക്ക്സ് മേഖലയിലേക്ക് കടക്കാനുള്ള തീരുമാനത്തിലാണ് കുടുംബശ്രീ ജില്ലാ മിഷൻ. ബാങ്ക് ലോണിന്റെ പലിശയിൽ നിശ്ചിത ശതമാനം സബ്‌ഡിസിയായാണ് കുടുംബശ്രീ നൽകുന്നത്. 'അഭ്യസ്ഥവിദ്യരായ, ഏതെങ്കിലും കൈത്തൊഴിൽ പഠിച്ചിട്ടുള്ള ആർക്കും ഒരു സംരംഭമെന്ന സ്വപ്നം സാക്ഷാത്ക്കരിക്കാനുള്ള അവസരമാണ് കുടുംബശ്രീ. ഈ രീതിയിൽ പലരും കുടുംബശ്രീയെ കാണുന്നില്ല. പാവപ്പെട്ടവർക്കുള്ള സംവിധാനമെന്ന ചിന്താഗതിയാണ് പലർക്കും. സ്ത്രീ എന്ന നിലയിൽ വളരാനുള്ള വഴിയാണിത്. സ്ത്രീയാണോ, ഒരുകുടുംബത്തിൽ വേറെ ആരും അംഗമല്ലേ എങ്കിൽ ആർക്കും കുടുംബശ്രീയുടെ ഭാഗമാകാം. ' സി.കെ. ഹേമലത, ജില്ലാ കുടുംബശ്രീ മിഷൻ കോർഡിനേറ്റർ