പൊന്നാനി: പുഴയും കായലും കനാലും സംയോജിപ്പിച്ച് പൊന്നാനിയിൽ ബോട്ട് സവാരിക്ക് പദ്ധതി തയ്യാറാകുന്നു. പൊന്നാനിയിലെ വിവിധ വികസന പദ്ധതികളെ കോർത്തിണക്കിയുള്ള ടൂറിസം ട്രയാങ്കിളിന്റെ ഭാഗമായാണ് വിപുലമായ ബോട്ട് സവാരി പദ്ധതി ഒരുങ്ങുന്നത്.
ബിയ്യം ബ്രിഡ്ജിൽ നിന്നാരംഭിച്ച് വള്ളംകളി പവലിയൻ, പുറങ്ങ്, പുതുപൊന്നാനി ബീവി ജാറം വഴി മാട്ടുമ്മൽ തുരുത്തിലെത്തുകയും ഇവിടെ നിന്ന് കനോലി കനാൽ വഴി ഭാരതപ്പുഴയിലെത്തി തീരത്തെ നിള ഹെറിറ്റേജ് മ്യൂസിയം, മറൈൻ മ്യൂസിയം എന്നിവ സന്ദർശിച്ച് തിരിച്ചു പോവുകയും ചെയ്യുന്ന വിധമാണ് ബോട്ട് സവാരി ആവിഷ്കരിക്കുക. ഇതിന്റെ ഡി.പി.ആർ ഉടൻ തയ്യാറാക്കി സർക്കാരിന് സമർപ്പിക്കാൻ നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പങ്കെടുത്ത ഉന്നതതല യോഗത്തിൽ ധാരണയായി.
മറൈൻ മ്യൂസിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മാർച്ച് 31നകം പൂർത്തിയാക്കാൻ നിർമ്മാണ ചുമതലക്കാരായ സംസ്ഥാന നിർമ്മിതി കേന്ദ്രയ്ക്ക് നിർദ്ദേശം നൽകി. കർമ്മ റോഡിന്റെ സൗന്ദര്യവത്ക്കരണം, നിള ഹെറിറ്റേജ് മ്യൂസിയത്തിലെ ക്യൂറേഷൻ പ്രവൃത്തികൾ എന്നിവയുടെ നിർമ്മാണോദ്ഘാടനം ഈ മാസം നടത്തും. ടൂറിസം ട്രയാങ്കിളിന്റെ ഭാഗമായുള്ള നിർമ്മാണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാനും തീരുമാനിച്ചു. പൊന്നാനിയിലെ ടൂറിസം പദ്ധതികളുടെ പുരോഗതിയും തിരുവനന്തപുരത്ത് ചേർന്ന യോഗം വിലയിരുത്തി.
ഇത്തവണ വിജയസാദ്ധ്യതകളേറെ
നേരത്തെ ബിയ്യം കായലിൽ ബോട്ട് സവാരി ഉണ്ടായിരുന്നെങ്കിലും വിജയകരമായിരുന്നില്ല.
മറൈൻ, നിള ഹെറിറ്റേജ് മ്യൂസിയങ്ങൾ യാഥാർത്ഥ്യമാകുന്നതോടെ കായൽ, കനാൽ, പുഴ എന്നിവയെ സംയോജിപ്പിച്ചുള്ള ബോട്ട് സവാരി കൂടുതൽ സാദ്ധ്യതയുള്ളതാകുമെന്നാണ് വിലയിരുത്തൽ.
കർമ്മ റോഡിന്റെ തീരത്തുള്ള സ്വകാര്യസ്ഥലങ്ങളിൽ പി.പി.പി അടിസ്ഥാനത്തിൽ വിവിധ ടൂറിസം പദ്ധതികളും ഉത്തരവാദിത്വ ടൂറിസവും നടപ്പാക്കും.
ഇതിന്റെ ഡി.പി.ആർ തയ്യാറാക്കി സർക്കാരിന് നൽകും.
4.36 കോടി ടൂറിസം വകുപ്പിൽ നിന്നും ലഭിക്കും. ഇ.ടി. മുഹമ്മദ് ബഷീറിന്റെ എം.പി ഫണ്ടിൽ നിന്ന് ഒരു കോടിയും മറൈൻ മ്യൂസിയം നിർമ്മാണത്തിന് ലഭിക്കും