മലപ്പുറം: ജില്ലയിൽ ദേശീയപാത വികസനത്തിന് ഭൂമി വിട്ടു നൽകുന്നവർക്ക് കാലതാമസം കൂടാതെ നഷ്ടപരിഹാരം നൽകുമെന്ന് ജില്ലാ കളക്ടർ അമിത് മീണ അറിയിച്ചു. ദേശീയപാത സ്ഥലമെടുപ്പിന്റെ ഭാഗമായി കണ്ടെത്തിയ മുഴുവൻ ഭൂമിയും നടപടികൾ പൂർത്തിയാക്കി 2019 ഫെബ്രുവരി 28നകം ദേശീയപാത വിഭാഗത്തിന് കൈമാറുമെന്നും കളക്ടർ പറഞ്ഞു. ഭൂമിയേറ്റെടുക്കുന്നതിന്റെ പുരോഗതി വിലയിരുത്തുന്നതിനായി കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ഏറ്റെടുക്കുന്ന ഭൂമിയുടെ വില പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ഗുണഭോക്താവിന് നഷ്ടപ്പെടുന്ന ഭൂമിയുടെ ക്യത്യമായ വിവരങ്ങൾ ബോദ്ധ്യപ്പെടുത്തും.
ഭൂമിഏറ്റെടുക്കൽ :
ഹിയറിംഗ്
ഡിസംബറിലേക്ക് മാറ്റി
മലപ്പുറം: ദേശീയപാതയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായുള്ള ഹിയറിംഗ് ഡിസംബർ ആറിന് തുടങ്ങുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. നേരത്തെ നവംബർ 15 മുതൽ ഹിയറിംഗ് ആരംഭിക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും കെട്ടിടങ്ങളുടെ വിലനിർണ്ണയത്തിൽ വന്ന താമസം മൂലമാണ് ഡിസംബറിലേക്ക് നീട്ടിയത്.
ഡിസംബർ ആറിന് തിരൂർ താലൂക്കിലാണ് ഹിയറിംഗ് ആരംഭിക്കുക. മരങ്ങളുടെയും കാർഷിക നഷ്ടത്തിന്റെയും തുക, ഏറ്റെടുക്കുന്ന കെട്ടിടങ്ങളുടെ തുക തുടങ്ങിയവ ഹിയറിംഗിൽ ബോദ്ധ്യപ്പെടുത്തും. തിരൂരങ്ങാടി, കൊണ്ടോട്ടി താലൂക്കുകളിലെ ഹിയറിംഗ് ഡിസംബർ 17 നും പൊന്നാനിയിൽ 20 നും തുടങ്ങും.
ഹിയറിംഗിൽ പങ്കെടുക്കുന്ന ഗുണഭോക്താക്കളുടെ രേഖകൾ പരിശോധിച്ച് ബോദ്ധ്യപ്പെട്ട ശേഷം കാലതാമസം കൂടാതെ ഉടനടി തന്നെ നഷ്ടപരിഹാരം നൽകും.
ദേശീയപാത സ്ഥലമെടുപ്പ് വിഭാഗം ഡെപ്യുട്ടി കളക്ടർ ഡോ.ജെ.ഒ.അരുൺ, എൻ.എച്ച്.ലെയ്സൺ ഓഫീസർ പി.പി.എം.അഷ്റഫ്, വിവിധ വകുപ്പുതല മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.