നിലമ്പൂർ: പിണറായി വിജയൻ ഭരിക്കുന്ന എൽ.ഡി.എഫ് സർക്കാർ കേരളത്തെ കലാപ ഭൂമിയാക്കാനാണ് ശ്രമിക്കുന്നതെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. കോൺഗ്രസിന്റെ ആഭിമുഖ്യത്തിലുള്ള വിശ്വാസ സംരക്ഷണയാത്രയ്ക്ക് നിലമ്പൂരിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇത് കേവലം ശബരിമല വിഷയം മാത്രമല്ല. നാളെ മറ്റു മതസ്ഥരുടെ ആരാധാനാലയങ്ങൾക്കു നേരെയും നീക്കങ്ങളുണ്ടാകും. ശബരിമല വിഷയം വൈകാരിക വിഷയമാണ്. അത് കൈകാര്യം ചെയ്തതിൽ വൻ പരാജയമാണ് സർക്കാരിനുണ്ടായത്. മന്ത്രിമാർ തമ്മിൽ സ്വരച്ചേർച്ചയില്ല. പിണറായിയുടെ മന്ത്രിസഭയിൽ ഭൂരിപക്ഷം മന്ത്രിമാരും പിണറായിയുടെ മർക്കടമുഷ്ടിക്കെതിരാണ്. ക്രൂരതയുടെ മുഖമാണ് പിണറായി വിജയനുള്ളത്. ധിക്കാരത്തിന്റെ പര്യായമായാണ് മുഖ്യമന്ത്രി പെരുമാറുന്നത്. ഇപ്പോൾ പൊലീസിന്റെ പണിയെടുക്കുന്നത് ആർ.എസ്.എസിന്റെ കൊടും ക്രിമിനലുകളാണ്. സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള ഒത്തുകളിയാണ് ഇതോടെ പൊളിഞ്ഞത്. ആരൊക്കെ ഒത്തുകളിച്ചാലും കോൺഗ്രസ് എന്നും വിശ്വാസ സമൂഹത്തിന്റെ കുടെയുണ്ടാവുമെന്നും സുധാകരൻ പറഞ്ഞു.
മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ താൽപര്യം കാട്ടാത്ത പിണറായി വിജയൻ കേരളത്തിൽ വിശ്വാസ സമൂഹത്തെ തമ്മിലടിപ്പിച്ച് ആനന്ദം കാണുകയാണെന്നും ബ്രൂവറി അഴിമതി മറച്ചുവയ്ക്കാനാണ് ശബരിമല വിഷയത്തിൽ പിണറായി വിജയൻ താൽപര്യം കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.ബാബു മോഹനക്കുറുപ്പ് അദ്ധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് അഡ്വ: വിവി പ്രകാശ്, എ.പി അനിൽകുമാർ എം.എൽ.എ, കെ.പി.സി.സി സെക്രട്ടറിമാരായ കെ.പി അനിൽകുമാർ ,കെ.പി കുഞ്ഞിക്കണ്ണൻ, അംഗം കെ.സി അബു, പി.ടി അജയ്മോഹൻ, ഫാത്തിമ റോഷ്നി, കെ.പി അബ്ദുൽ മജീദ്, സുമാ ബാലകൃഷ്ണൻ, വി.എ. കരീം, സംസ്കാര സാഹിതി സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത്, ഇ. മുഹമ്മദ് കുഞ്ഞി, വിഎസ്. ജോയി, എ. ഗോപിനാഥ്, എൻ.എ കരീം, പത്മിനി ഗോപിനാഥ് തുടങ്ങിയവർ പ്രസംഗിച്ചു. രാവിലെ ഐക്കരപ്പടിയിൽ നിന്ന് ആരംഭിച്ച ജില്ലയിലെ ആദ്യ പര്യടനം രാത്രി വണ്ടൂരിൽ സമാപിച്ചു. ബുധനാഴ്ച അങ്ങാടിപ്പുറത്ത് നിന്നും ആരംഭിച്ച് ചമ്രവട്ടത്ത് സമാപിക്കും.