തേഞ്ഞിപ്പലം :കാലിക്കറ്റ് സർവകലാശാല ഇന്റർ കോളേജിയേറ്റ് അത്ലറ്റിക്സ് അവസാന ദിനത്തിലേക്ക് കടക്കുമ്പോൾ പുരുഷവിഭാഗത്തിൽ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജും വനിതാ വിഭാഗത്തിൽ പാലക്കാട് മേഴ്സി കോളേജും മുന്നിൽ. ആറ് സ്വർണവും നാല് വെള്ളിയും മൂന്ന് വെങ്കലവുമടക്കം 50 പോയിന്റുമായാണ് ശ്രീകൃഷ്ണ കോളേജ് മീറ്റിന്റെ രണ്ടാം ദിനത്തിൽ മുന്നിലെത്തിയത്. 43 പോയിന്റുമായി ഇരിഞ്ഞാലക്കുട ക്രൈസ്ററ് കോളേജ് രണ്ടാം സ്ഥാനത്ത് പൊരുതുകയാണ്. വനിതകളിൽ നാല് വീതം സ്വർണവും വെങ്കലവും അഞ്ച് വെള്ളിയുമടക്കം 42 പോയിന്റുമായാണ് പാലക്കാട് മേഴ്സി മുന്നേറുന്നത്. 28 പോയിന്റുള്ള ക്രൈസ്റ്റ് കോളേജാണ് രണ്ടാമത്. രണ്ടാം ദിനം ഏഴ് റെക്കാഡുകളാണ് തേഞ്ഞിപ്പലത്തെ കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിൽ പിറന്നത്. പുരുഷന്മാരുടെ 20 കിലോമീറ്റർ നടത്തത്തിൽ പാലക്കാട് പത്തിരിപ്പാല ഗവ.ആർട്സ് ആന്റ് സയൻസ് കോളേജിലെ എ. അനീഷ്, ലോംഗ് ജമ്പിൽ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ വൈ. മുഹമ്മദ് അനീസ്, നൂറു മീറ്ററിൽ ശ്രീകൃഷ്ണയിലെ കെ.പി അശ്വിൻ,1500 മീറ്ററിൽ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലെ ബിബിൻ ജോർജ്, 4100 മീറ്റർ റിലേയിൽ ശ്രീകൃഷ്ണ കോളേജ് എന്നിവരും വനിതകളുടെ ഡിസ്കസ് ത്രോയിൽ പാലക്കാട് മേഴ്സി കോളേജിലെ സോഫിയ എം. ഷാജു, ഹൈജമ്പിൽ ക്രൈസ്റ്റ് കോളേജിലെ ഏയ്ഞ്ചൽ പി.ദേവസ്യ എന്നിവരും റെക്കോഡോടെ സ്വർണമണിഞ്ഞു. പുരുഷന്മാരിൽ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ കെ.പി അശ്വിനും വനിതകളിൽ കൊടകര സഹൃദയ കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഡോണ ഷിബുവും വേഗമേറിയ താരങ്ങളായി. മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളേജിലെ സി.ബബിത മീറ്റിലെ ആദ്യ ഗോൾഡൻ ഡബിൾ നേടി. 5000, 1500 മീറ്ററുകളിലാണ് ബബിതയുടെ നേട്ടം. മീറ്റിന്റെ സമാപനദിനമായ ബുധനാഴ്ച 17 ഫൈനലുകൾ നടക്കും