എടക്കര: വഴിക്കടവിൽ കാട്ടാന വിളയാട്ടം തുടരുന്നു. ജനം ഭീതിയിൽ. പഞ്ചായത്തിലെ കമ്പളക്കല്ല്, മണൽപ്പാടം എന്നീ പ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങളിലാണ് കാട്ടാനയിറങ്ങി വൻ കൃഷി നാശം വിതച്ചത്.
ശങ്കരൻ മലയിൽ നിന്ന് ചൊവ്വാഴ്ച പുലർച്ചയോടെയാണ് കാട്ടാന നാട്ടിലിറങ്ങിയത്. ആനയെ തുരത്തുന്നതിനിടെ കാട്ടാനയുടെ മുന്നിലകപ്പെട്ട ഗൃഹനാഥൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. തോട്ടുങ്ങൽ മുഹമ്മദാലിയാണ് കാട്ടാനയുടെ ആക്രമണത്തിൽ നിന്നും അൽഭുതകരമായി രക്ഷപ്പെട്ടത്.
കൃഷിയിടത്തിലെ തെങ്ങ് വാഴ, കവുങ്ങ് എന്നിവയെല്ലാം കൊമ്പൻ കശക്കിയെറിഞ്ഞു.
വിളഞ്ഞിപ്പിലാക്കൽ മുഹമ്മദ് കുട്ടി, ഒതുക്കുങ്ങൽ കുഞ്ഞാൻ, എന്നിവരുടെ വീടിന് ചുറ്റും കൊമ്പൻ ഏറെ നേരം വലം വച്ചത് നാട്ടുകാരെയും വീട്ടുകാരെയും ഒരു പോലെ പരിഭ്രാന്തരാക്കി. ഇരുവരുടെയും കൃഷിയിടങ്ങൾ പാടെ തകർത്തു.ഇതിനിടെ പ്രദേശവാസികൾ ഒത്ത് കൂടി ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ആനയെ ശങ്കരൻ മലയിലേക്ക് കാട്കയറ്റിയത്.
വനാതിർത്തിയിൽ മുൻപ് സ്ഥാപിച്ച വൈദ്യുതി വേലി പൂർണമായും തകർന്നതാണ് കാട്ടാനയിറങ്ങാൻ കാരണമായത്.ശങ്കരൻ മലയുടെ താഴ് വാരം മുഴുവൻ വൈദ്ധ്യുതി വേലി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.