തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയുടെ പ്രധാന കവാടത്തിന് മുന്നിൽ റോഡിൽ അശാസ്ത്രീയമായി വരച്ചിരുന്ന സീബ്രാലൈൻ ഒഴിവാക്കി. റോഡിലെ വളവിൽ സീബ്രാലൈൻ സ്ഥാപിച്ചത് അപകടങ്ങൾക്ക് വഴിവയ്ക്കുന്ന സാഹചര്യത്തിലാണിത്. വളവുളള ഭാഗത്ത് സീബ്രാലൈൻ വരയ്ക്കരുതെന്നാണ് നിയമം. തിരക്കേറിയ താലൂക്ക് ആശുപത്രി പരിസരത്ത് നിരവധി അപകടങ്ങൾക്ക് ആശാസ്ത്രീയമായ സീബ്രാ ലൈൻ വഴിവച്ചിരുന്നു. ആശുപത്രിയിലെത്തുന്ന സ്ത്രീകളും കുട്ടികളുമാണ് കൂടുതലും അപകടത്തിൽ പെട്ടിരുന്നത്. ആഗസ്റ്റ് നാലിന് കേരളകൗമുദി ഇതു സംബന്ധിച്ച് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് സീബ്രാലൈൻ ഒഴിവാക്കി പകരം ഹമ്പോ സൂചനാ ബോർഡോ സ്ഥാപിക്കുമെന്ന് റോഡ് വിഭാഗം അധികാരികൾ കേരളകൗമുദിയെ അറിയിച്ചു. ചെമ്മാട് - കൊടിഞ്ഞി റോഡിൽ രണ്ടര വർഷം മുമ്പ് സ്ഥാപിച്ചതാണ് സീബ്രാലൈൻ. തിരൂരങ്ങാടിയിൽ നിന്നും ചെമ്മാട് ഭാഗത്തേക്ക് വാഹനങ്ങൾ പോകുന്നത് ഇതു വഴിയാണ്. താലൂക്ക് ആശുപത്രിയിലേക്ക് ദിനംപ്രതി ആയിരക്കണക്കിന്ന് രോഗികളാണ് എത്തുന്നത്. തൊട്ടടുത്ത് പൊലീസ് ക്വാർട്ടേഴ്സ് ചുറ്റുമതലിന്റെ മറവുള്ളതിനാൽ മിക്ക ഡ്രൈവർമാർക്കും വളവിലുള്ള സീബ്രാലൈൻ കാണാൻ സാധിക്കില്ല.