മലപ്പുറം: വിദേശമലയാളികൾക്ക് നിയമസഹായം നൽകാൻ സംസ്ഥാന സർക്കാർ നോർക്ക റൂട്ട്‌സ് വഴി നടപ്പാക്കുന്ന പ്രവാസി നിയമസഹായ പദ്ധതിക്ക് തുടക്കമാകുന്നു. ജോലി സംബന്ധമായവ, പാസ്‌പോർട്ട്, വിസ, മറ്റ് സാമൂഹ്യപ്രശ്‌നങ്ങൾ തുടങ്ങിയവ പദ്ധതിയുടെ പരിധിയിൽ വരും. ശിക്ഷ, ജയിൽവാസം, ബന്ധപ്പെട്ട ആശുപത്രി ചികിത്സ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് കുറഞ്ഞത് രണ്ടു വർഷം അഭിഭാഷകവൃത്തി ചെയ്തിട്ടുള്ളവരും അതത് രാജ്യങ്ങളിൽ നിയമപ്രശ്‌നങ്ങൾ കൈകാര്യം ചെയ്ത് അനുഭവം ഉള്ളവർക്കുമാണ് ലീഗൽ ലെയ്‌സൺ ഓഫീസറായി നിയമനം ലഭിക്കുക. നോർക്ക റൂട്ട്‌സ് ഇതിനുവേണ്ടി പ്രത്യേക അപേക്ഷ ക്ഷണിക്കും. അപേക്ഷകരിൽ നിന്ന് അർഹരായവരെ തിരഞ്ഞെടുക്കുന്നതിന് ഒരു പ്രത്യേക സമിതി ഉണ്ടാവും. രാജ്യങ്ങളിലെ പ്രവാസി മലയാളി സാംസ്‌കാരിക സംഘടനകളുമായി സഹകരിച്ചാണ് പ്രവാസി നിയമ സഹായ സെല്ലിന് രൂപം നൽകുന്നത്.