പെരിന്തൽമണ്ണ: രണ്ടു ലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങളുമായി മൂന്നംഗ സംഘത്തെ പെരിന്തൽമണ്ണയിൽ പ്രത്യേക അന്വേഷണ സംഘം വാഹനപരിശോധനയ്ക്കിടെ പിടികൂടി. മണ്ണാർക്കാട് പയ്യനടം സ്വദേശി പുതുവച്ചോല വീട്ടിൽ അബ്ദുൾ അസീസ് (38), നൗഷാദ് (44), മണ്ണാർക്കാട് കൊടുവള്ളിക്കുന്ന് സ്വദേശി പടിഞ്ഞാറ്റിൽ വീട്ടിൽ സുബൈർ (40) എന്നിവരാണ് ഹാൻസുമായി അറസ്റ്റിലായത്. പ്രതികൾ സഞ്ചരിച്ച സൈലോ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. പെരിന്തൽമണ്ണ ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ ടി.എസ്.ബിനു, എസ്.ഐ മഞ്ജിത്ത് ലാൽ, പെരിന്തൽമണ്ണ ഷാഡോ പൊലീസ് ടീം എന്നിവരാണ് പ്രതികളെ പിടികൂടിയത്. കർണാടകയിൽ നിന്നും വരുന്ന പച്ചക്കറി ലോറികളിൽ ഒളിപ്പിച്ചു ജില്ലയിലെത്തിച്ച ശേഷം പാലക്കാട്, മണ്ണാർക്കാട് എന്നിവിടങ്ങളിലെ ഗോഡൗണുകളിലെത്തിക്കുകയാണ് സംഘത്തിന്റെ പതിവ്. അവിടെ നിന്നും ആവശ്യക്കാർക്ക് പറയുന്ന സ്ഥലത്ത് വാഹനങ്ങളിൽ എത്തിച്ചുകൊടുക്കും. സംഘത്തിലെ മറ്റുളളവരെക്കുറിച്ചും വിവരങ്ങൾ ലഭിച്ചതായി പൊലീസ് അറിയിച്ചു.