പൊന്നാനി: സ്ക്കൂളുകൾ നാടിന്റെ സാംസ്കാരിക കേന്ദ്രങ്ങളാവണമെന്നും നാല് മണി കഴിഞ്ഞാൽ അവ മരണവീടുകൾക്ക് സമാനമാവരുതെന്നും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. കടവനാട് ജി. എഫ്. യു. പി സ്ക്കൂളിൽ നടപ്പാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. വൈകുന്നേരങ്ങളിൽ നാട്ടുകാർക്ക് ഒത്തുചേരാനുള്ള കേന്ദ്രമായി സ്ക്കൂളുകൾ മാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ക്കൂളിൽ പുതുതായി നിർമ്മിച്ച മൾട്ടി മീഡിയ ക്ലാസ് റൂമുകൾ, കമ്പ്യൂട്ടർ ലാബ്, ഓപ്പൺ ക്ലാസ് റൂം, അത്യാധുനിക അടുക്കള, സ്മാർട് ക്ലാസ് റൂമുകൾ എന്നിവയുടെ ഉദ്ഘാടനമാണ് നിർവ്വഹിച്ചത്. നഗരസഭ ചെയർമാൻ സി.പി. മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി. മുഹമ്മദ് ബഷീർ, ഒ.ഒ. ഷംസു, റീന പ്രകാശ്, അഷറഫ് പറമ്പിൽ, പ്രതിപക്ഷ നേതാവ് എം പി നിസാർ , എ.ഇ.ഒ സുനിജ, പി.ടി.എ പ്രസിഡന്റ് മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു.