പെരിന്തൽമണ്ണ: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ചേരുന്ന സർവകക്ഷി യോഗത്തിൽ സർക്കാർ പിടിവാശി ഉപേക്ഷിക്കണമെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. തുറന്ന മനസോടെയാവണം സമീപനം. സ്ത്രീപ്രവേശനത്തിൽ സ്റ്റേയില്ലെന്ന് മുഖ്യമന്ത്രി തന്നെ പ്രഖ്യാപിച്ച ശേഷം സർവകക്ഷി യോഗം വിളിക്കുന്നത് എന്തിനാണ്. കോടതിവിധിക്കു ശേഷവും മുഖ്യമന്ത്രിയുടെ പ്രതികരണം നിരാശാജനകമാണ്. വിശ്വാസികൾക്കു മേൽ തീരുമാനം അടിച്ചേൽപ്പിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നതാണ് പ്രശ്നം. വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും മാർക്‌സിസ്റ്റ് പാർട്ടി അനാചാരമായാണ് കാണുന്നതെന്നും ഉമ്മൻചാണ്ടി പറഞ്ഞു. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്രയ്ക്ക് അങ്ങാടിപ്പുറത്ത് നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.