പെരിന്തൽമണ്ണ : ജീവിതശൈലിയിലെ തിരുത്തലുകളാണ് മാരകരോഗങ്ങളിൽ നിന്ന് രക്ഷപ്പെടാനുളള പോംവഴിയെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന പറഞ്ഞു. കേരളകൗമുദിയും കിംസ് അൽഷിഫയും സംയുക്തമായി പെരിന്തൽമണ്ണ അൽഷിഫ കോളേജ് ഒഫ് നഴ്‌സിംഗിൽ സംഘടിപ്പിച്ച ആരോഗ്യസെമിനാറിൽ സംസാരിക്കുകയായിരുന്നു ഡി.എം.ഒ. ആധുനിക കാലത്ത് ഭക്ഷണരീതിയിൽ വന്ന മാറ്റങ്ങൾ രോഗങ്ങൾ വിളിച്ചുവരുത്തുന്നതാണ്. ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ് എന്നിവ നമ്മുടെ ശരീരത്തിനാവശ്യമായ പോഷകങ്ങൾ പ്രദാനം ചെയ്യുന്നില്ല. അമിതമായ കൊഴുപ്പും ഉപയോഗിച്ച എണ്ണയിൽ തന്നെ വീണ്ടും പാകം ചെയ്യുന്നതും രോഗങ്ങൾ വിളിച്ചുവരുത്തും. ഭക്ഷണക്കാര്യത്തിൽ വീട്ടിലെ അടുക്കളയിലേക്ക് തിരിച്ചുപോവുകയാണ് പോംവഴി. നമുക്ക് നഷ്ടപ്പെട്ട നാടൻരുചികൾ വീണ്ടെടുക്കേണ്ടതുണ്ട്. നമ്മുടെ ആരോഗ്യത്തിന് ഉതകുന്ന പരമ്പരാഗത ഭക്ഷണരീതികളിൽ നിന്നും വഴി മാറി നടന്നതാണ് രോഗങ്ങൾ വർദ്ധിപ്പിച്ചത്. വ്യായാമത്തിലും കൂടുതൽ ശ്രദ്ധ പതിപ്പിക്കണം. ഇതു സംബന്ധിച്ച് ആരോഗ്യപ്രവർത്തകർ ജനങ്ങൾക്കിടയിൽ ബോധവത്കരണം ശക്തമാക്കേണ്ടതുണ്ട്. ഏതു സാധാരണക്കാരനും മനസ്സിലാവും വിധം ഇക്കാര്യങ്ങൾ പകർന്നുനൽകാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടെന്നും ഡോ. കെ. സക്കീന പറഞ്ഞു. അൽഷിഫ കോളേജ് ഒഫ് നഴ്‌സിംഗ് പ്രിൻസിപ്പൽ ഡോ. പ്രൊഫ. തെരേസ അദ്ധ്യക്ഷത വഹിച്ചു. നേപ്പാളിലെ യൂണിവേഴ്‌സിറ്റി ഒഫ് ഏഷ്യയിൽ നിന്നും ഡോക്ടറേറ്റ് ലഭിച്ച കിംസ് അൽശിഫ വൈസ് ചെയർമാൻ പി.ഉണ്ണീൻ, പെരിന്തൽമണ്ണയിലെ എ.പി.എം.ആർ ടെറാപ്പിയ മാനേജിംഗ് ഡയറക്ടർ ഡോ.ഫെബിന സീതി എന്നിവർക്ക് കേരളകൗമുദിയുടെ ഉപഹാരം ഡി.എം.ഒ ഡോ. കെ.സക്കീന സമർപ്പിച്ചു. കിംസ് അൽശിഫ ആശുപത്രിയിലെ ഡോ. ബൊണീറ്റ ക്ലാസെടുത്തു. അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.കേശവൻ, ഷിഫ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് മാനേജർ വി. മുഹമ്മദ് നിസാമുദ്ദീൻ, ജനറൽ മാനേജർ സുഹൈൽ ഹംസ, കേരളകൗമുദി മാർക്കറ്റിംഗ് മാനേജർ സുമോദ് കാരാട്ടുതൊടി, സീനിയർ എക്‌സിക്യൂട്ടീവ് കെ.സുബ്രഹ്മണ്യൻ, പെരിന്തൽമണ്ണ ലേഖകൻ എം.എൻ.ഗിരീഷ് തുടങ്ങിയവർ പ്രസംഗിച്ചു. കേരളകൗമുദി മലപ്പുറം യൂണിറ്റ് ചീഫ് കെ.എൻ.സുരേഷ് കുമാർ സ്വാഗതവും അസോ. പ്രൊഫ. പി അഹല്യ നന്ദിയും പറഞ്ഞു. നഴ്‌സിംഗ് കോളേജ് ട്യൂട്ടർ അഭയശ്രീ അവതരണം നടത്തി.