പെരിന്തൽമണ്ണ: പരമ്പരാഗത രീതിയിലുളള ഭക്ഷണശൈലിയിലേക്ക് തിരിച്ചുപോകാനായാൽ രോഗങ്ങൾ വലിയൊരളവു വരെ കുറയ്ക്കാനാകുമെന്ന് കിംസ് അൽശിഫ വൈസ് ചെയർമാൻ ഡോ. പി. ഉണ്ണീൻ പറഞ്ഞു. കേരളകൗമുദിയും കിംസ് അൽശിഫയും സംയുക്തമായി പെരിന്തൽമണ്ണ അൽശിഫ കോളേജ് ഒഫ് നഴ്സിംഗിൽ സംഘടിപ്പിച്ച ആരോഗ്യസെമിനാറിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജങ്ക് ഫുഡും ഫാസ്റ്റ് ഫുഡും അമിതമായാൽ ശരീരത്തിന് വിപരീത ഫലമാണ് ചെയ്യുക. ഒപ്പം ആധുനിക കാലഘട്ടത്തിലെ മാറിയ ജീവിതരീതിയുംഅസുഖങ്ങൾ കൂട്ടുന്നു. ജീവിതത്തിൽ ചിട്ട വരുത്തുകയും തനതായ ഭക്ഷണങ്ങൾക്ക് പ്രാധാന്യം നൽകുകയും ചെയ്താൽ ആരോഗ്യപൂർണ്ണമായ ജീവിതം കൈവരിക്കാനാവും. ആരോഗ്യമുളള ശരീരത്തിലേ ആരോഗ്യ പൂ ർണ്ണമായ മനസ്സുണ്ടാവൂ എന്നത് നാം എപ്പോഴും ഓർമ്മിക്കണം. - അദ്ദേഹം പറഞ്ഞു. കുട്ടികളിൽ ശരിയായ ജീവിതശൈലി വളർത്തിയെടുക്കുന്നതിൽ മാതാപിതാക്കൾക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് ബോധവത്കരണ ക്ളാസെടുത്ത കിംസ് അൽശിഫ ആശുപത്രിയിലെ ഡോ. ബൊണീറ്റ പറഞ്ഞു. പാക്കറ്റ്, ബേക്കറി, ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങൾക്ക് പകരം പോഷകസമൃദ്ധമായ ഭക്ഷണശീലം കുട്ടികളിൽ വളർത്തിയെടുക്കേണ്ടതുണ്ട്. ഇതു സംബന്ധിച്ച ശരിയായ ബോധവത്കരണം പലപ്പോഴുംരക്ഷിതാക്കളിലേക്കെത്തുന്നില്ല.- ഡോ. ബൊണീറ്റ പറഞ്ഞു.