മലപ്പുറം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കഴിഞ്ഞ അഞ്ച് മാസമായി തൊഴിലാളികൾക്ക് കൂലി ലഭിച്ചിട്ടില്ല. 33.37 കോടി രൂപ ഈ ഇനത്തിൽ കുടിശ്ശികയുണ്ട്. ജില്ലയിൽ 1.38 ലക്ഷം സജീവ തൊഴിലാളികളാണുളളത്. 4.77 ലക്ഷം പേരാണ് രജിസ്റ്റർ ചെയ്തത്. ജൂലൈയിലാണ് അവസാനമായി വേതനം ലഭിച്ചത്. കേന്ദ്ര ഫണ്ട് ലഭിക്കുന്നതിലെ കാലതാമസമാണ് കൂലി കുടിശ്ശികയാവാൻ കാരണമെന്നാണ് ജില്ലാ ഗ്രാമവികസന വകുപ്പ് അധികൃതർ പറയുന്നത്.
തൊഴിലുറപ്പിൽ കൂലി വലിയ തോതിൽ കുടിശ്ശികയാവുന്നത് ജില്ലയിലെ തൊഴിലുറപ്പ് പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കൂലി കുടിശ്ശിക ഇനത്തിൽ പല പഞ്ചായത്തുകളിലും വലിയ തുക തന്നെ നൽകാനുണ്ട്. ഇതേച്ചൊല്ലി തൊഴിലാളികളും പഞ്ചായത്ത് അധികൃതരും തമ്മിൽ വാക്കേറ്റങ്ങൾ പതിവാണ്. കേന്ദ്ര ഫണ്ട് എന്ന് ലഭിക്കുമെന്നത് സംബന്ധിച്ച വ്യക്തമായ ഉത്തരം ലഭ്യമല്ലാത്തതിനാൽ പഞ്ചായത്ത് അധികൃതരും നിസ്സഹായരാണ്. ബാങ്ക് അക്കൗണ്ടിലേക്ക് പണമെത്തുമെന്ന അധികൃതരുടെ ഉറപ്പിൽ മടങ്ങുന്നവർക്ക് അക്കൗണ്ട് പരിശോധിക്കുമ്പോൾ നിരാശ മാത്രം ബാക്കിയാവുന്നു. കൂലി നൽകുന്നതിൽ കാലതാമസമുണ്ടായാൽ തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് തൊഴിലുറപ്പ് നിയമത്തിൽ വ്യവസ്ഥയുണ്ടെങ്കിലും ഇത് പാലിക്കപ്പെട്ടിരുന്നില്ല.
കുടിശ്ശിക വർദ്ധിക്കുന്നത് മൂലം പല പഞ്ചായത്തുകളും തൊഴിലുറപ്പിൽ പുതിയ പദ്ധതികൾ നടപ്പാക്കുന്നതിൽ നിന്ന് പിന്മാറുന്നുണ്ട്. പഞ്ചായത്തുകൾ നൽകുന്ന കണക്കനുസരിച്ച് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന് അനുവദിക്കുന്ന തുക തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുകയാണ് പതിവ്.
തൊഴിൽ ദിനത്തിലും ഉറപ്പില്ല
തൊഴിലുറപ്പ് കാർഡുളള കുടുംബത്തിന് ഒരുവർഷം നൂറ് തൊഴിൽ ദിനം ഉറപ്പുവരുത്തുന്ന പദ്ധതിയിൽ പകുതിദിനങ്ങൾ പോലും ലഭിക്കാത്ത സ്ഥിതിയാണ്.
ഇന്നലെ വരെ 795 പേർക്കാണ് നൂറ് തൊഴിൽ ദിനങ്ങൾ നൽകാനായത്.
തൊഴിലുറപ്പിൽ കൂലി കുറവാണെങ്കിലും സ്ത്രീ തൊഴിലാളികൾക്ക് പദ്ധതി ഏറെ ആശ്വാസമായിരുന്നു.
സ്ത്രീകളെ സ്വയംപര്യാപ്തരാക്കിയതിനൊപ്പം കുടുംബത്തിന് താങ്ങേകാനും പദ്ധതിക്കായിരുന്നു.
271
രൂപയാണ് തൊഴിലുറപ്പിൽ ഒരുദിവസത്തെ കൂലി. മാർച്ച് മുതലാണ് വർദ്ധിപ്പിച്ചത്.
600
രൂപയാക്കി കൂലി 600 ഉയർത്തണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
കുടിശ്ശിക സംബന്ധിച്ച രേഖകൾ കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന് സമർപ്പിച്ചിട്ടുണ്ട്. വൈകാതെ ഫണ്ട് ലഭിക്കുമെന്നാണ് പ്രതീക്ഷ
ജില്ലാ ഗ്രാമവികസന വകുപ്പ് അധികൃതർ