കൊച്ചി : കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് യാത്ര പോകുന്നവരെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടുന്നതുമായി ബന്ധപ്പെട്ട കേസുകളുടെ വിവരങ്ങൾ അറിയിക്കാൻ ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി. തമിഴ്നാട്ടിൽ വച്ച് തന്നെ തട്ടിക്കൊണ്ടുപോയി പണം തട്ടിയ സംഭവം ചൂണ്ടിക്കാട്ടി ഇത്തരം കേസുകളിൽ സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മലപ്പുറം തിരൂർ സ്വദേശി ഹംസ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ഹർജി ഡിസംബർ നാലിന് വീണ്ടും പരിഗണിക്കും.
പ്രവാസി വ്യവസായികൂടിയായ ഹർജിക്കാരൻ ബിസിനസ് ആവശ്യങ്ങൾക്ക് ഹൊസൂറിൽ പോയി കോയമ്പത്തൂർ വഴി മടങ്ങുമ്പോൾ ഉക്കടത്തു വച്ച് വാഹനാപകടമുണ്ടാക്കി തന്നെ തട്ടിക്കൊണ്ടുപോയെന്നും 20 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടെന്നും പറയുന്നു. പിന്നീട് വീട്ടുകാരുമായി ബന്ധപ്പെട്ട് പത്ത് ലക്ഷം രൂപയും ബാക്കി തുകയ്ക്ക് ചെക്കുമൊക്കെ ചെർപ്പുളശ്ശേരിയിൽ വച്ച് നാസർ എന്നയാൾക്ക് കൈമാറി. തുടർന്ന് മൂന്നു നാൾ കഴിഞ്ഞാണ് തന്നെ മോചിപ്പിച്ചതെന്നും മറ്റൊരു കുടുംബത്തെ സമാനമായി പീഡിപ്പിക്കുന്നതിന് ദൃക്സാക്ഷിയായെന്നും ഹർജിയിൽ പറയുന്നുണ്ട്. പൊലീസിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്. 15 പേരടങ്ങുന്ന സംഘം മൂന്നു വാഹനങ്ങളിലായെത്തിയാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്നും കേസിൽ രണ്ടു പേരെ പിടികൂടിയതോടെ പൊലീസിന്റെ ആവേശം ഇല്ലാതായെന്നും ഹർജിക്കാരൻ പറയുന്നു. തട്ടിക്കൊണ്ടു വരുന്നവരെ നഗ്നരാക്കി ചിത്രമെടുത്തും മർദ്ദിച്ചും പീഡിപ്പിക്കുന്നുണ്ട്.
ഒന്നുകിൽ ഐ.ജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിക്കണം. അല്ലെങ്കിൽ സമാന വിഷയങ്ങളിൽ സി.ബി.ഐ അന്വേഷണം നടത്തണമെന്നും ഹർജിയിൽ പറയുന്നു.