മലപ്പുറം: ഉത്സവാഘോഷങ്ങളിൽ 40 വയസിന് മുകളിലുള്ള ആനകളെ എഴുന്നള്ളിക്കുമ്പോൾ ഉപയുക്തത സർട്ടിഫിക്കറ്റ് നിർബന്ധമായും ഹാജരാക്കണമെന്ന് ജില്ലാ കളക്ടർ അമിത് മീണ അറിയിച്ചു. നാട്ടാനകളുടെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് കളക്ടറുടെ ചേമ്പറിൽ നടന്ന യോഗത്തിലാണ് തീരുമാനം. ഉത്സവങ്ങളിൽ ആനയെ പങ്കെടുപ്പിക്കുന്നവർ പരിപാടിയുടെ മൂന്ന് ദിവസം മുമ്പ് സോഷ്യൽ ഫോറസ്ട്രിയിൽ അസിസ്റ്റൻഡ് കൺസർവേറ്റർ ഫോറസ്റ്റിന് അപേക്ഷ നൽകണം. അങ്ങനെ ലഭിക്കുന്ന അപേക്ഷകൾക്ക് മാത്രമേ അനുമതി ലഭിക്കൂ. ആനയുടെ ഡാറ്റാബുക്ക്, ഹെൽത്ത് സർട്ടിഫിക്കറ്റ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, 40 വയസിനുമുകളിലുള്ള ആനകളുടെ ഉപയുക്തത സർട്ടിഫിക്കറ്റ് എന്നിവ പരിശോധനയ്ക്ക് നൽകണം. ആനയുടെ ചെറിയ പരിക്ക് പോലും കൃത്യമായി പരിശോധിക്കണം. എലിഫെന്റ് ഓണേഴ്സ് അസോസിയേഷൻ നിർബന്ധമായും എല്ലാ നിബന്ധനകളിലും സഹകരിക്കണം. ഏകദിന നാട്ടാന കണക്കെടുപ്പ് നവംബർ 22ന് രാവിലെ എട്ടിന് സോഷ്യൽ ഫോറസ്ട്രിയുടെ നേതൃത്വത്തിൽ നടക്കുമെന്ന് അസിസ്റ്റന്റ് കൺസർവേറ്റർ കെ.വി ഹരികൃഷ്ണൻ യോഗത്തിൽ അറിയിച്ചു. മൂന്ന് ഗ്രൂപ്പുകളായി നടക്കുന്ന കണക്കെടുപ്പിൽ വനംവകുപ്പ് ,സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, രണ്ട് ബീറ്റ് ഫോറസ്റ്റ് ഓഫീസർ, ഒരു ഡോക്ടർ എന്നിവരടങ്ങുന്ന സംഘമാണ് ഉണ്ടാവുക.