മലപ്പുറം: ലേലം വിളിയുടെ ആവേശം മൂത്തപ്പോൾ യഥാർത്ഥവില അന്വേഷിക്കാൻ ആർക്കും സമയം കിട്ടിയില്ല, കൂട്ടിയങ്ങ് വിളിച്ചു. സാധനം കൈയിൽ കിട്ടിയപ്പോഴാണ് അറിഞ്ഞത് 250 രൂപയുടെ അപ്പച്ചട്ടി വാങ്ങിയത് 350 രൂപയ്ക്കാണെന്ന്.
പോരാത്തതിന് 18 ശതമാനം ജി.എസ്.ടി.യും. ആറുമാസം കൂടുമ്പോൾ യാത്രക്കാർ മറന്നുവച്ച സാധനങ്ങൾ ലേലം ചെയ്യുന്ന കെ.എസ്.ആർ.ടി.സി. മലപ്പുറം ഡിപ്പോയിലായിരുന്നു സംഭവം.
ലേലം വിളിയിൽ ഡിപ്പോ ജീവനക്കാരും യാത്രക്കാരും നാട്ടുകാരും പങ്കെടുത്തു. ആകെ 13,300 രൂപ ലഭിച്ചു. പത്തു മൊബൈലുകൾ ലേലത്തിനുണ്ടായിരുന്നു. ആറു പുത്തൻകുടകളും 12 സെറ്റ് പ്ലേറ്റുകളും ലേലത്തിൽ ഇടം പിടിച്ചു.
1350 രൂപയ്ക്ക് വിളിച്ചെടുത്ത മൊബൈൽഫോണിനാണ് ഏറ്റവും വലിയ വില കിട്ടിയത്. ജി.എസ്.ടി അടക്കം മൊബൈലിന്റെ പുതിയ മുതലാളി സാധനം വാങ്ങിയത് 1593 രൂപയ്ക്കാണ്.
എന്നാൽ ആവേശം മൂത്ത ലേലംവിളി നടന്നത് മറ്റൊരു സാധനത്തിനാണ്. തെരുവ് കച്ചവടക്കാർ ഉപയോഗിക്കുന്ന വലിയ കുടയ്ക്ക്. 250 രൂപയ്ക്ക് തുടങ്ങിയ വിളി നിന്നത് 1300 രൂപയ്ക്കായിരുന്നു. ഡിപ്പോ ഹെഡ് ക്വാർട്ടർ ഇൻസ്പെക്ടർ അജയ്കുമാർ, മോഹൻദാസ്, മുഹമ്മദ് പാറയിൽ, എ. ദിവ്യ, ഉദയകുമാർ എന്നിവർ നേതൃത്വം നൽകി.