തിരൂരങ്ങാടി: പുഞ്ചക്കൃഷിക്ക് തയ്യാറെടുക്കുന്ന കർഷകർക്ക് ദുരിതം കൂട്ടി കടലുണ്ടിപ്പുഴയിൽ ഉപ്പുവെള്ളം കയറി. കീരനല്ലൂർ പുഴയിലെ പാറയിൽ ഭാഗത്ത് നിർമ്മിക്കാറുള്ള താത്ക്കാലിക തടയണ നിർമ്മിക്കാത്തതും മണ്ണട്ടാംപാറയിലെ തകർന്ന ഷട്ടറുകൾ നന്നാക്കാത്തതുമാണ് കാരണം. വെഞ്ചാലി വയലിലേക്ക് വെള്ളമെത്തിക്കുന്ന ചോർപ്പെട്ടി പമ്പ് ഹൗസിൽ നിന്നുള്ള പമ്പിംഗ് ഉപ്പുവെളളത്തിന്റെ സാന്നിദ്ധ്യം കാരണം ഇതിനകം നിറുത്തിവച്ചിട്ടുണ്ട്.തിരൂരങ്ങാടി, നന്നമ്പ്ര ഭാഗങ്ങളിൽ പുഞ്ചക്കൃഷിക്കായി നിലമൊരുക്കുന്ന കർഷകർ ഇതോടെ ആശങ്കയിലായി. വെഞ്ചാലിയിലെ ഏക്കറുകണക്കിന് നെൽവയലുകളിലേക്ക് വെള്ളമെത്തിക്കുന്നത് ചോർപ്പെട്ടി പമ്പ് ഹൗസ് വഴിയാണ്. തുലാമാസ മഴയുടെ അളവ് കുറഞ്ഞതിനാൽ നെൽവയലുകൾ വറ്റിവരണ്ടിരിക്കേയാണ് പമ്പിംഗ് നിറുത്തിയത്. ജില്ലയിലെ പ്രധാന നെല്ലറകളിൽ ഒന്നായ നന്നമ്പ്രയിലെ കർഷകർ ആശങ്കയിലാണ്. ഉപ്പുവെള്ളം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിച്ചാൽ തൃക്കുളത്തുള്ള പമ്പിംഗും പരപ്പനങ്ങാടി, വള്ളിക്കുന്ന് ഭാഗങ്ങളിലേക്കുള്ള കുടിവെള്ള പദ്ധതിക്കായി പാലത്തിങ്ങലിലെ കിണറിൽനിന്നുള്ള പമ്പിംഗും നിറുത്തിവയ്ക്കേണ്ടിവരും. താൽക്കാലിക തടയണയ്ക്കായുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് നേരത്തെത്തന്നെ കർഷകർ ആവശ്യപ്പെട്ടിട്ടും തീരുമാനമുണ്ടായിട്ടില്ല.