മലപ്പുറം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഗജ ചുഴലിക്കാറ്റിന്റെ ഭാഗമായി കേരളത്തിനകത്തും മലയോര പ്രദേശങ്ങളിലും തീരത്തുടനീളവും കന്യാകുമാരി ഭാഗത്തും നവംബർ 16 നും 17നും മണിക്കൂറിൽ 30 മുതൽ 40 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ജില്ലാ അടിയന്തരഘട്ട കാര്യനിർവ്വഹണ കേന്ദ്രങ്ങളും പൊലീസ്, ഫയർ ഫോഴ്സ്, കെ.എസ്.ഇ.ബി തുടങ്ങിയവരും ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിൽ മരം വീഴാനും വൈദ്യുതി തടസം നേരിടാനും സാദ്ധ്യതയുള്ളതിനാൽ കെ.എസ്.ഇ.ബി സജ്ജരായിരിക്കണം. പൊതുജനങ്ങൾ വൈദ്യുത പോസ്റ്റുകളുടെയും കെട്ടിടങ്ങളുടെയും ചുവട്ടിൽ നിന്ന് മാറി നിൽക്കുവാനും വാഹനങ്ങൾ മരങ്ങളുടെ കീഴിൽ പാർക്ക് ചെയ്യാതിരിക്കാനും ശ്രദ്ധിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.