മലപ്പുറം: ഒന്നാം ക്ലാസിൽ എത്തും മുമ്പ് ആധുനികരീതിയിൽ അറിവ് ആർജ്ജിക്കാനുള്ള മാതൃകാ പ്രീപ്രൈമറിക്ക് ജില്ലയിൽ തുടക്കമായി. പൂക്കോട്ടൂർ പഞ്ചായത്തിലെ ഓൾഡ് ഗവ: എൽപി സ്കൂളിലാണ് മാതൃക പ്രീ പ്രൈമറി തുടങ്ങുന്നത്. ജില്ലയിലെ എല്ലാ പ്രീപ്രൈമറി വിദ്യാലയങ്ങൾക്കും അംഗൻവാടികൾക്കും ആവശ്യമായ സംവിധാനങ്ങൾ ഇതുവഴി നൽകുന്നതിലൂടെ ജില്ലയിലെ പ്രീപ്രൈമറി പഠനം ഇനി മധുരമേറിയതാവും. ഓരോ ബി.ആർ.സി പരിധിയിലും രണ്ട് വീതം പ്രീപ്രൈമറികളെ മാതൃകാ പ്രീപ്രൈമറികളായി ഉയർത്തും. മാതൃകാ പ്രീപ്രൈമറി നിർവ്വഹണ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പൂക്കോട്ടൂർ ഓൾഡ് ഗവ: എൽപി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണൻ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.പിസുമയ്യ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുൽപ്പാടൻ പദ്ധതി രേഖ പ്രകാശനം ചെയ്തു.