പൊന്നാനി: അക്രമരാഷ്ട്രീയത്തിന്റെ നേതൃനിരയിലിരുന്ന മുഖ്യമന്ത്രി പിണറായി വിജയന് നവോത്ഥാന നായകന്റെ മേലങ്കി സ്വയം എടുത്തണിഞ്ഞാലും ചേരില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്രയുടെ ജില്ലയിലെ സമാപനം പൊന്നാനിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമല വിഷയം സങ്കീർണ്ണമാക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്. പാർട്ടിനേതാവായി അദ്ദേഹം തരം താഴരുത്. മുഖ്യമന്ത്രിക്കുണ്ടാകേണ്ട പക്വത അദ്ദേഹം പ്രകടിപ്പിക്കണം. ശബരിമലയെ യുദ്ധഭൂമിയാക്കി മാറ്റാനാണ് ബി.ജെ.പിയും ആർ.എസ്.എസും സി.പി.എമ്മും ശ്രമിക്കുന്നത്.
യു.ഡി.എഫ് ജില്ല ചെയർമാൻ പി.ടി. അജയ് മോഹൻ അദ്ധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്റ്റൻ കെ. സുധാകരൻ, കെ.പി. കുഞ്ഞിക്കണ്ണൻ, എൻ. സുബ്രഹ്മണ്യൻ, എ.പി. അനിൽകുമാർ എം.എൽ.എ, വി.വി. പ്രകാശ്, കെ.പി. അനിൽകുമാർ, കെ. സുരേന്ദ്രൻ, സുമ ബാലകൃഷ്ണൻ, എം.വി. ശ്രീധരൻ, സി. ഹരിദാസ്, ടി.കെ അഷറഫ്, വി. സെയ്ത് മുഹമ്മദ് തങ്ങൾ എന്നിവർ പ്രസംഗിച്ചു.