kkk
പ്രതി അബ്ദുൾ റഹീം

നിലമ്പൂർ: ഫേസ് ബുക്ക് വഴി വിവാഹവാഗ്ദാനം നല്കി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് പോക്സോ പ്രകാരം അറസ്റ്റിൽ . തൃശ്ശൂർ പള്ളം പള്ളിക്കൽ നായാട്ടുവളപ്പിൽ അബ്ദുൾ റഹീം (28) ആണ് അറസ്റ്റിലായത്. ചെന്നൈയിൽ ഇവർ താമസിച്ചിരുന്നിടത്ത് നിന്നാണ് അന്വേഷണ സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:- കഴിഞ്ഞ മാസം 29നാണ് പെൺകുട്ടിയെ കാണാതായത്. കോഴിക്കോട് നിന്നും ബാംഗ്ലൂരിലേക്കും തുടർന്ന് മുംബൈയിലേക്കും പിന്നീട് ചെന്നൈയിലേക്കുമാണ് പ്രതി പെൺകുട്ടിയെ കൊണ്ടുപോയത്. പോകും മുമ്പ് പെൺകുട്ടിയുടെ കൈവശമുണ്ടായിരുന്ന ആഭരണങ്ങൾ വിറ്റു. ഈ പണമുപയോഗിച്ച് ഷോപ്പിംഗ് നടത്തുകയും പുതിയ മൊബൈൽ ഫോൺ വാങ്ങുകയും ചെന്നൈയിൽ താമസത്തിന് അഡ്വാൻസ് നല്കുകയും ചെയ്തു. നിരവധി പെൺകുട്ടികളുമായി പ്രതിക്ക് ബന്ധമുണ്ട്. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നിലമ്പൂർ പൊലീസിൽ പരാതി നൽകി. പുറമേ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജിയും ഫയൽ ചെയ്തു.

പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കു ശേഷം ഹൈക്കോടതിയിൽ ഹാജരാക്കി. പ്രതിക്കെതിരെ പോക്‌സോ കേസ് ചുമത്തിയിട്ടുണ്ട്.

നിലമ്പൂർ സി.ഐ കെ.എം.ബിജു, എസ്.ഐ റസിയ ബംഗാളത്ത്, എ.എസ്.ഐ രവി, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ ടി.ശ്രീകുമാർ, വി.കെ.പ്രദീപ്, മാത്യു വർഗ്ഗീസ്, ഇ.ജി.പ്രദീപ്, കെ.എം.ഷാഫി പന്ത്രാല, റഹിയാനത്ത്, സുരേഷ് ബാബു എന്നിവരാണ് കേസ് അന്വേഷിച്ചത്.