മലപ്പുറം: ഭിന്നശേഷിക്കാർക്ക് ഇനി ആശങ്കകളില്ലാതെ ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെത്താം. ഡിസംബർ 15നകം ജില്ലയിലെ 13 പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഭിന്നശേഷി സൗഹൃദമാവും. ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഭിന്നശേഷിക്കാർക്ക് പ്രത്യേക സൗകര്യങ്ങളില്ലാത്തത് പുതിയ കാഴ്ച്ചകളും അനുഭവങ്ങളും തേടാൻ അവർക്ക് കിട്ടുന്ന അവസരങ്ങൾ നഷ്ടപ്പെടുത്തുന്നു. ഭിന്നശേഷിക്കാരായ അംഗങ്ങളുള്ള കുടുംബങ്ങൾ പലപ്പോഴും ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള യാത്ര തന്നെ വേണ്ടെന്ന് വയ്ക്കാറുണ്ട്. കോട്ടക്കുന്ന്, ആഢ്യൻപാറ, ചെറുകുളമ്പ്, വണ്ടൂർ ടൗൺ സ്ക്വയർ, പടിഞ്ഞാറേക്കര ബീച്ച്, ബിയ്യം ബ്രിഡ്ജ് തുടങ്ങിയവയാണ് പദ്ധതിയിൽ ഇടംപിടിച്ചവ. ഭിന്നശേഷിക്കാർക്ക് യാത്ര ചെയ്യാൻ പറ്റിയ റാമ്പ് സജ്ജീകരിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. രണ്ട് പ്രത്യേക ടോയ്‌ലറ്റുകൾ, കാഴ്ച്ചാ വൈകല്യമുള്ളവർക്ക് വഴി മനസ്സിലാക്കാൻ ടിക്ക് ടാക്ക് ടൈൽ, ഓഡിയോ ഗൈഡൻസ് സിസ്റ്റം, ബ്രെയ്‌ലി ലിപിയിലുള്ള സൈൻ ബോർഡുകൾ, വീൽചെയർ തുടങ്ങിയവ ഒരുക്കും. കോട്ടക്കുന്നിൽ ടോയ്‌ലറ്റുകളുടെ നിർമ്മാണം പൂർത്തിയാവാറായി. മറ്റിടങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഇനി പ്ലാസ്റ്റിക്കുമായി വരേണ്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും പരിസ്ഥിതി സൗഹൃദമാക്കാനും ലക്ഷ്യമിട്ടുള്ള ഗ്രീൻ കാർപ്പറ്റ് പദ്ധതിയിൻ കീഴിൽ കോട്ടക്കുന്നിലും പടിഞ്ഞാറേക്കര ബീച്ചിലും നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുന്നുണ്ട്. പടിഞ്ഞാറേക്കരയിൽ 75 ലക്ഷത്തിന്റെയും കോട്ടക്കുന്നിൽ ഒരുകോടിയുടെയും പ്രവൃത്തികൾ അന്തിമഘട്ടത്തിലേക്ക് കടന്നു. കരുവാരക്കുണ്ട് ഇക്കോ വില്ലേജിനുള്ള ഫണ്ട് അനുവദിക്കാനുണ്ട്. ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നിന്ന് പ്ലാസ്റ്റിക്കിനെ പൂർണ്ണമായും പടി കടത്തും. കുപ്പിവെള്ള കമ്പനികളുമായും ഡി.ടി.പി.സി ചർച്ച നടത്തിയിട്ടുണ്ട്. കച്ചവടക്കാർക്ക് നൽകുന്ന ബോട്ടിലുകളിൽ ഡി.ടി.പി.സി പറയുന്ന അടയാളം പതിപ്പിക്കും. കോട്ടക്കുന്നിലടക്കം വലിയ തോതിൽ കുപ്പികൾ വലിച്ചെറിയപ്പെടുന്നുണ്ട്. പുറത്തുനിന്ന് കൊണ്ടുവരുന്ന കുപ്പികളാണിതെന്നാണ് കച്ചവടക്കാരുടെ വാദം. കുടിക്കാൻ തണുത്ത വെള്ളവും ചൂടുവെള്ളവും ഒരുക്കുന്നുണ്ട്. ഇരിക്കാൻ കൂടുതൽ സൗകര്യങ്ങളും വെളിച്ച സംവിധാനങ്ങളും വർദ്ധിപ്പിക്കും ' ഭിന്നശേഷി സൗഹൃദമാക്കാനുള്ള പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കും. മികച്ച സൗകര്യങ്ങളാണ് ഇവിടങ്ങളിൽ ഒരുക്കുന്നത്'. രാജേഷ്, എൻജിനീയർ ഡി.ടി.പി.സി ' ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെ പരിസ്ഥിതി സൗഹൃദമാക്കുന്ന ഗ്രീൻകാർപ്പറ്റ് പദ്ധതിയിലെ പ്രധാന പ്രവൃത്തികൾ പൂർത്തിയാക്കിയിട്ടുണ്ട്'. ബിനോഷ് കുഞ്ഞപ്പൻ, ഡി.ടി.പി.സി സെക്രട്ടറി