വാഹനത്തിന് നേരെ ചീമുട്ടയേറ്
പൊലീസുകാർക്കും പ്രവർത്തകർക്കും സംഘർഷത്തിൽ പരിക്ക്
തിരൂർ: മലയാള സർവകലാശാലയിൽ ഉദ്ഘാടനത്തിനെത്തിയ മന്ത്രി കെ.ടി. ജലീലിന് നേരെ യൂത്ത് ലീഗ്, എം.എസ്.എഫ് പ്രവർത്തകർ കരിങ്കൊടി കാട്ടി. വാഹനത്തിന് നേരെ ചീമുട്ടയും ചെരിപ്പും എറിഞ്ഞു. പൊലീസും പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്ന് പൊലീസുകാർക്കും ഏതാനും യൂത്ത് ലീഗ് പ്രവർത്തകർക്കും പരിക്കേറ്റു.
സർവകലാശാല കവാടത്തിൽ വച്ചാണ് പ്രതിഷേധം അരങ്ങേറിയത്. തുടർന്ന് ഹാളിനകത്ത് പ്രവേശിച്ച മന്ത്രി ഉദ്ഘാടന പ്രസംഗം ആരംഭിച്ചതോടെ ഹാളിലുണ്ടായിരുന്ന എം.എസ്.എഫ് പ്രവർത്തകർ മന്ത്രിക്ക് നേരെ കരിങ്കൊടി വീശി. പൊലീസെത്തി പ്രവർത്തകരെ നീക്കം ചെയ്തു. ഉദ്ഘാടനം കഴിഞ്ഞ് മടങ്ങുന്നതിനിടെ വീണ്ടും കരിങ്കൊടിയുമായി എത്തിയ പ്രവർത്തകരെ പൊലീസ് തടഞ്ഞു. തുടർന്നുണ്ടായ സംഘർഷത്തിൽ സുഹൈൽ , ശരത്, നിഖിൽ എന്നീ പൊലീസുകാർക്കും യൂത്ത് ലീഗ് ഭാരവാഹികളായ എം.പി. മജീദ്, എം.പി. റാഫി, അൽത്താഫ് ഹുസൈൻ എന്നിവർക്കും പരിക്കേറ്റു. അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടാലറിയാവുന്ന 50ഓളം പേർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.