വണ്ടൂർ: ശാസ്ത്ര വിസ്മയവുമായി റവന്യൂ ജില്ല സ്കൂൾ ശാസ്ത്രമേളയ്ക്ക് വണ്ടൂരിൽ തുടക്കമായി. 17 ഉപജില്ലകളിൽ നിന്നുള്ള 317 ഹൈസ്കൂളുകൾ, 240 എച്ച്.എസ്.എസുകൾ, 27 വി.എച്ച്.എസ്.എസുകൾ എന്നിവിടങ്ങളിൽ നിന്നുള്ള ആറായിരത്തിലധികം വിദ്യാർത്ഥികളാണ് രണ്ടു ദിവസങ്ങളിലായി നടക്കുന്ന ശാസ്ത്രമേളയിൽ പങ്കെടുക്കുന്നത്.
പുതുമയുള്ള കണ്ടെത്തലുകളോ മാതൃകകളോ ഒന്നുമില്ലാതെയായിരുന്നു ഒന്നാം ദിനം. പ്രവൃത്തി പരിചയമേളയിലടക്കം പതിവു മാതൃകകളെ മറികടക്കാൻ വിദ്യാർത്ഥികൾക്കായിട്ടില്ലെന്ന് വിധികർത്താക്കൾ ചൂണ്ടികാട്ടുന്നു. പ്രളയ പശ്ചാത്തലത്തിൽ ആഘോഷ പൊലിമകളൊന്നുമില്ലാതെയാരംഭിച്ച മത്സരങ്ങൾ ഇന്ന് വൈകിട്ട് സമാപിക്കും.
സയൻസ് മേള വണ്ടൂർ ഗേൾസിലും പ്രവൃത്തി പരിചയമേളയുടെ തുടർച്ച വണ്ടൂർ വി.എം.സിയിലും നടക്കും. ഗണിത ശാസ്ത്ര മത്സരങ്ങൾ തിരുവാലിയിലും സാമൂഹ്യ ശാസ്ത്രമേളയിലെ സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡലടക്കമുള്ളവ എറിയാട് എ.യു.പി എസിലും നടക്കും. വിജയികൾക്ക് ട്രോഫികളോ ഉപഹാരങ്ങളോ ഒന്നും ഇത്തവണ ലഭിക്കില്ല. സർട്ടിഫിക്കറ്റു വിതരണം മാത്രമാണുണ്ടാവുക. യു.പി വിഭാഗം വിദ്യാർത്ഥികൾ മത്സരത്തിനില്ലെന്ന പ്രത്യേകതയും ഇത്തവണയുണ്ടായിരുന്നു. ചെലവു ചുരുക്കലിന്റെ ഭാഗമായി യു.പി വിഭാഗത്തിന്റെ മത്സരങ്ങൾ സ്കൂൾ തലങ്ങളിൽ മാത്രം ഒതുക്കുകയായിരുന്നു.
ഹൈസ്കൂൾ
ഗണിത മേള,
കൊണ്ടോട്ടിക്ക്
ഓവറോൾ
വണ്ടൂർ: റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിൽ തിരുവാലി എച്ച്.എസ്.എസിൽ നടന്ന ഹൈസ്കൂൾ വിഭാഗം ഗണിത ശാസ്ത്രമേളയിൽ 14 ഇനങ്ങൾ പൂർത്തിയായപ്പോൾ 140 പോയിന്റ് നേടി കൊണ്ടോട്ടി ഉപജില്ല ഓവറോൾ നേടി. 120 പോയിന്റുമായി വേങ്ങരയും 113 പോയിന്റുമായി മലപ്പുറവുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. ഹയർസെക്കൻഡറി വിഭാഗം ഗണിതമേള ഇന്ന് തിരുവാലി സ്കൂളിൽ നടക്കും. ഐ.ടി മേളയിൽ ഡിജിറ്റൽ പെയിന്റിംഗ്, മലയാളം ടൈപ്പിംഗ്, പ്രൊജക്ട് പ്രസന്റേഷൻ എന്നിവ ഇന്നലെ പൂർത്തിയായി.
ഇന്ന് വി.എം.സിയിൽ ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളുടെ വെബ് പേജ് നിർമ്മാണം, പവർ പോയിന്റ് പ്രസന്റേഷൻ എന്നിവ നടക്കും. സയൻസ് മേള ഗവ. ഗേൾസിൽ നടക്കും. ഹൈസ്കൂൾ വിഭാഗത്തിൽ ഒമ്പതും ഹയർസെക്കൻഡറി വിഭാഗത്തിൽ ആറും മത്സരങ്ങളിലായി 1156 കുട്ടികൾ സയൻസ് മേളയിൽ പങ്കെടുക്കും.