പൊന്നാനി: വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന പൊന്നാനി അഴിമുഖത്തെ ജങ്കാർ സർവ്വീസ് നടത്തിപ്പിന് കൊച്ചിൻ സർവ്വീസസ് എത്തും.നഗരസഭ ക്ഷണിച്ച ക്വട്ടേഷനിൽ പങ്കെടുത്ത കൊച്ചിൻ സർവ്വീസസ് അഴിമുഖത്ത് ജങ്കാർ ഓടിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. രണ്ടു പേരാണ് ക്വട്ടേഷൻ നൽകിയത്.ഇതിൽ കൂടുതൽ വാർഷിക വരുമാനം നൽകാമെന്നേറ്റിരിക്കുന്നത് കൊച്ചിൻ സർവീസസാണ്. ഇന്നലെ നടന്ന നഗരസഭ കൗൺസിലിൽ ഇക്കാര്യത്തിൽ അനുമതിയായി.
കേരളത്തിലെ പ്രധാന ജങ്കാർ നടത്തിപ്പു കമ്പനികളിലൊന്നാണ് കൊച്ചിൻ സർവ്വീസസ്. നേരത്തെ പൊന്നാനിയിൽ ഇവർ സർവ്വീസ് നടത്തിയിരുന്നു. ജങ്കാർ നടത്തിപ്പിനായി ചില ആവശ്യങ്ങൾ കൊച്ചിൻ സർവീസസ് നഗരസഭയ്ക്കു മുന്നിൽ വച്ചിട്ടുണ്ട്. അതെല്ലാം സ്വീകാര്യമായവയാണ്. പുതുതായി നിർമ്മിക്കുന്ന ജങ്കാർജെട്ടി പൂർത്തിയാകുന്നതോടെ അഴിമുഖം പടിഞ്ഞാറെക്കര ജങ്കാർ സർവീസ് പുനരാരംഭിക്കാനാകും.
യാത്രക്കാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് ജങ്കാർ സർവ്വീസ് ആരംഭിക്കാൻ നിരന്തരമായ ശ്രമങ്ങളാണ് നഗരസഭ നടത്തിയത്. ആരും സന്നദ്ധമായെത്തിയില്ല. ജങ്കാർ നടത്തിപ്പിനായി നഗരസഭക്ഷണിച്ച ആദ്യ ലേലത്തിൽ ആരും പങ്കെടുത്തിരുന്നില്ല. മികച്ച സുരക്ഷാ സൗകര്യങ്ങളോടെ ജങ്കാർ സർവ്വീസ് നടത്തുന്നവരെന്ന നിലയിൽ നഗരസഭ കൊച്ചിൻ സർവീസസിനെ സമീപിച്ചിരുന്നു.നേരത്തെ നഗരസഭാ ഭരണസമിതി ഇതുമായി ബന്ധപ്പെട്ട് കൊച്ചിൻ സർവ്വീസസുമായി രണ്ടു തവണയായി ചർച്ച നടത്തിയിരുന്നു.ജങ്കാർ സർവീസ് പുനരാരംഭിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങളും വ്യവസ്ഥയും കൊച്ചിൻ സർവ്വീസസ് പൊന്നാനി നഗരസഭയ്ക്കു മുന്നിൽ വച്ചിരുന്നു.
നിലവിലെ ജങ്കാർ ജെട്ടി പുതിയ ഫിഷിംഗ് ഹാർബറിനോട് ചേർന്ന ഭാഗത്തേക്ക് മാറ്റുന്നതുൾപ്പടെയുള്ള നിർദ്ദേശങ്ങളാണ് കൊച്ചിൻ സർവ്വീസസ് മുന്നോട്ടുവച്ചിരുന്നത്. ഉദാരമായ വ്യവസ്ഥകളോടെ ജങ്കാർ നടത്തിപ്പിന് അനുമതി നൽകാൻ സന്നദ്ധമാണെന്ന് നഗരസഭ കൊച്ചിൻ സർവീസസിനെ അറിയിച്ചിട്ടുണ്ട്.
യാത്രക്കാരുമായി പോവുകയായിരുന്ന ചങ്ങാടം നിയന്ത്രണം വിട്ട് കടലിലേക്ക് ഒലിച്ചുപോയതിനെ തുടർന്നാണ് പൊന്നാനി അഴിമുഖം പടിഞ്ഞാറെക്കര ഫെറി സർവ്വീസ് അനിശ്ചിതത്വത്തിലായത്.