പെരിന്തൽമണ്ണ: വൈദ്യുതി ഉപയോഗിച്ച് പുഴയിൽ നിന്നും മീൻ പിടിച്ച കേസിൽ അഞ്ചു യുവാക്കൾ അറസ്റ്റിൽ. ചുങ്കത്തപ്പാറ ഇല്ലത്ത്പറമ്പിൽ ഉണ്ണിക്കഷ്ണൻ(38), മക്കരപ്പറമ്പ അരിമ്പ്രത്തൊടി വീട്ടിൽ ഫാബിർ(34), ചുങ്കത്തപ്പാറ പൂഴിക്കുന്നുമ്മൽ പരമേശ്വരൻ(38), മക്കരപ്പറമ്പ് പടിഞ്ഞാറേക്കുന്നത്ത് സുനിൽ കുമാർ (35), മക്കരപ്പറമ്പ് പടിഞ്ഞാറേ കുന്നത്ത് പ്രശാന്ത് (35) എന്നിവരാണ് അറസ്റ്റിലായത്. മക്കരപ്പറമ്പ് ഇലക്ട്രിക് സെക്ഷൻ പരിധിയിലെ കടുങ്ങുത്ത് ട്രാൻസ്ഫോർമറിൽ നിന്നും കറുവ പുഴിക്കുന്ന് കോളനിയിലേക്ക് പോകുന്ന ത്രീ ഫേസ് ലൈനിൽ നിന്നും പി.വി.സി വയർ ഉപയോഗിച്ച് നേരിട്ട് കൊളുത്തി പൂഴിക്കുന്ന് പുഴയിലേക്കിട്ട് മീൻ പിടിച്ച കേസിലാണ് അറസ്റ്റ്. വൈദ്യുതി മോഷണം, അപകടകരമായും ജലസ്രാതസ്സിനെ മലിനപ്പെടുത്തിയും മീൻപിടിത്തം എന്നിവയ്ക്കെതിരെയാണ് കേസ്. കൊളത്തൂർ എസ്.ഐ സദാനന്ദൻ,അഡീ.എസ്.ഐ. രാമകൃഷ്ണൻ, സി.പി.ഒമാരായ സുരേഷ്, മനോജ്, സുനിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.