തേഞ്ഞിപ്പലം: ഹിന്ദു ഐക്യവേദി ആഹ്വാനം ചെയ്ത ഹർത്താലിനെ തുടർന്ന് ദേശീയപാത പൂർണ്ണമായും നിലച്ചു. കടകമ്പോളങ്ങളും സർക്കാർ- സർക്കാരിതര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ദേശീയപാത - കക്കാടു മുതൽ ഇടിമുഴിക്കൽ വരെ സമരാനുകൂലികൾ വാഹനങ്ങൾ റോഡിൽ തടഞ്ഞിട്ടു.മണിക്കൂറുകളോളം നിരത്തിൽ കിടന്ന വാഹനങ്ങളെ ഉൾപ്രദേശ റോഡിലൂടെ പൊലീസ് വഴി തിരിച്ച് വിടുകയായിരുന്നു. ഹിന്ദു ഐക്യവേദി പ്രവർത്തകർ ദേശീയപാത തലപ്പാറയിൽ നിന്ന് രാവിലെ 8.30 ന് തുടങ്ങിയ പ്രതിഷേധ പ്രകടനം കാലിക്കറ്റ് യൂണിവേഴ്സിറ്റി- ഇടിമുഴിക്കൽ വരെ നീണ്ടു. ഒരു പറ്റം ഹിന്ദു ഐക്യവേദി പ്രവർത്തകർ ദേശീയപാത കോഹിനൂരിൽ നടുറോഡിൽ ഇരുന്ന് വാഹനങ്ങൾ ഉപരോധിച്ചു. ഇതോടെ ദേശീയപാതയിൽ ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു. ദീർഘദൂര യാത്രക്കാർ വലഞ്ഞു. സ്ഥലത്ത് പൊലീസെത്തിയെങ്കിലും കാഴ്ചക്കാരായി മാറി. തേഞ്ഞിപ്പലം, മൂന്നിയൂർ, ചേലേമ്പ്ര, വില്ലേജ് - പഞ്ചായത്ത് ഓഫീസുകൾ അടഞ്ഞുകിടന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഭാഗികമായി പ്രവർത്തിച്ചു. ഹാജർ നില നന്നേ കുറഞ്ഞിരുന്നു. തേഞ്ഞിപ്പലം പോസ്റ്റോഫീസ് സമരക്കാർ അടപ്പിച്ചു. വെളിമുക്ക് എ.യു.പി സ്ക്കൂൾ, ജി.എം.എൽ.പി.എസ് പടിക്കൽ, ജി.വി. എച്ച്.എസ്.എസ് ചേളാരി, കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസ് എച്ച്.എസ്.എസ്, ചേലേമ്പ്ര യുപി സ്കൂൾഎന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിച്ചില്ല. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചേളാരി ബോട്ട്ലിംഗ് പ്ലാന്റ് പൂർണ്ണമായും സ്തംഭിച്ചു . കെ.പി. ശശികലയെ വിട്ടയച്ചതോടെ കോഹിനൂരിലെ റോഡ് ഉപരോധം 4.30 ന് അവസാനിപ്പിക്കുകയായിരുന്നു.