നിലമ്പൂർ: ഹിന്ദു ഐക്യവേദി അർദ്ധരാത്രി പ്രഖ്യാപിച്ച ഹർത്താൽ മലയോരമേഖലയിൽ പൂർണ്ണം. നിലമ്പൂരിൽ ബസ് ഗതാഗതം പൂർണ്ണമായും നിശ്ചലമായിരുന്നു. ഹർത്താലനുകൂലികൾ ടൗണിൽ വാഹനങ്ങൾ തടഞ്ഞത് നേരിയ വാക്കേറ്റത്തിന് ഇടയാക്കി. കെ.എസ്.ആർ.ടി.സി മേഖലയിൽ സർവ്വീസ് നടത്തിയിരുന്നില്ല. കടകൾ അടഞ്ഞു കിടന്നു. ഉൾപ്രദേശങ്ങളിൽ മാത്രമാണ് കടകൾ തുറന്നു പ്രവർത്തിച്ചത്. നിലമ്പൂർ ടൗണിൽ രാവിലെ മുതൽ ഹർത്താലനുകൂലികൾ ചരക്കുലോറികളും സ്വകാര്യ വാഹനങ്ങളും അല്പനേരം തടഞ്ഞു നിറുത്തിയ ശേഷം വിട്ടയക്കുന്ന കാഴ്ചയാണുണ്ടായിരുന്നത്. എന്നാൽ 11 മണിയോടെ വാഹനം കൂടുതൽ സമയം തടഞ്ഞിടാൻ ശ്രമിച്ചത് നേരിയ വാക്കേറ്റത്തിനിടയാക്കി. രാവിലെ അൽപ്പനേരം പ്രവർത്തിച്ച പെട്രോൾ പമ്പും പ്രതിഷേധത്തെ തുടർന്ന് പിന്നീട് അടച്ചു. ബാങ്കുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും അടഞ്ഞു തന്നെ കിടന്നു. സി.ഐ കെ.എം.ബിജുവിന്റെ നേതൃത്വത്തിൽ പൊലീസ് ടൗണിൽ രാവിലെ മുതലുണ്ടായിരുന്നു. ഹർത്താലനുകൂലികളുടെ നേതൃത്വത്തിൽ ടൗണിൽ നാമജപത്തോടെ പ്രകടനവും നടത്തി.
എടക്കര: . എടക്കരയിൽ പ്രവർത്തകർ നാമജപയാത്ര നടത്തി. എടക്കര, ചുങ്കത്തറ,വഴിക്കടവ് എന്നിവിടങ്ങളിൽ രാവിലെ കടകൾ തുറന്നെങ്കിലും ഹർത്താൽ അനുകുലികൾ അടപ്പിച്ചു. രാവിലെ പാലുണ്ടയിൽ നിന്ന് തുടങ്ങിയ നാമജപയാത്ര എടക്കര ടൗണിലെത്തി ചുങ്കത്തറയിൽ അവസാനിച്ചു .
തുടർന്ന് പ്രവർത്തകർ ചുങ്കത്തറ ടൗണിൽ വാഹനങ്ങൾ തടഞ്ഞു. ഒരു മണിയോടെയാണ് പ്രവർത്തകർ പിരിഞ്ഞുപോയത്. രാവിലെ തുടങ്ങിയ നാമജപയാത്രയിൽ വാഹനങ്ങൾ കടത്തിവിടാതെയായിരുന്നു പ്രവർത്തകർ യാത്ര നടത്തിയത്. ഇത് മുലം വലിയ വാഹനങ്ങളുടെയും ഇരുചക്രവാഹനങ്ങളുടെയും നീണ്ട നിരയായിരുന്നു .നാമജപയാത്രയ്ക്ക് പിന്നിൽ വന്ന വാഹനങ്ങൾ ഹോണടിച്ചതുമുലം പാലുണ്ടയിൽ ഹർത്താൽ അനുകൂലികളും യാത്രക്കാരും തമ്മിൽ വാക്കുതർക്കവും ഉന്തും തള്ളുമുണ്ടായി. നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ പിന്തിരിപ്പിച്ചു. .
രാവിലെ ചില പെട്രോൾ പമ്പുകൾ തുറന്നെങ്കിലും പൊലീസ് ഇടപെട്ട് അടപ്പിച്ചു. സർവീസ് നടത്തിയ കെ.എസ്.ആർ.ടി.സി ബസുകളെ ഹർത്താൽ അനുകൂലികൾ ചുങ്കത്തറയിൽ തടഞ്ഞിട്ടു. എന്നാൽ സർവ്വീസ് നിറുത്തി മടങ്ങുകയാണെന്നറിയിച്ചതിനാൽ വിട്ടയക്കുകയായിരുന്നു.