മലപ്പുറം: ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികലയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ നടത്തിയ അപ്രതീക്ഷിത ഹർത്താൽ ജില്ലയിൽ ഭാഗികം. ചിലയിടങ്ങളിൽ സംഘർഷമുണ്ടായി. പലയിടങ്ങളിലും നാമജപത്തോടെ പ്രവർത്തകർ റോഡുകൾ ഉപരോധിച്ചു. നഗരങ്ങളിൽ ഹർത്താൽ ഏറെക്കുറെ പൂർണ്ണമായപ്പോൾ ഗ്രാമപ്രദേശങ്ങളിൽ കടകളടക്കമുള്ളവ തുറന്നുപ്രവർത്തിച്ചു. സർക്കാർ ഓഫീസുകളിൽ ഹാജർനില കുറഞ്ഞു. കളക്ടറേറ്റിൽ 204 ജീവനക്കാരിൽ 99 പേർ ഹാജരായി. സ്വകാര്യ ബസുകൾക്കൊപ്പം കെ.എസ്.ആർ.ടി.സിയും സർവീസ് നടത്താതിരുന്നത് യാത്രാദുരിതം ഇരട്ടിപ്പിച്ചു. ബസുകൾക്ക് നേരെ അക്രമമുണ്ടാവാമെന്നതിനാൽ സർവീസ് നടത്തേണ്ടെന്നാണ് തീരുമാനമെന്ന അധികൃതരുടെ അറിയിപ്പിൽ കെ.എസ്.ആർ.ടി.സി സ്റ്റാന്റിൽ എത്തിയ യാത്രക്കാർ നിസ്സഹായരായി. റെയിൽവേ സ്റ്റേഷനുകളിൽ എത്തിയവർ വാഹനങ്ങൾ കിട്ടാതെ വലഞ്ഞു. നഗരങ്ങളിൽ പെട്രോൾ പമ്പുകളും തുറന്നില്ല.
മലപ്പുറം കോട്ടപ്പടിയിൽ ഹർത്താൽ അനുകൂലികൾ കടകൾ അടപ്പിക്കാനും വാഹനങ്ങൾ തടയാനും ശ്രമിച്ചത് സംഘർഷത്തിന് ഇടയാക്കി. രാവിലെ കോട്ടപ്പടി സ്റ്റേഡിയം റിംഗ് റോഡിൽ ഓട്ടോ യാത്രക്കാരായ മൂന്നുപേരും ഹർത്താൽ അനുകൂലികളും തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് ഹർത്താൽ അനുകൂലികൾക്ക് പരിക്കേറ്റു. പൊലീസെത്തി ഇരുകൂട്ടരോടും പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടു. തുടർന്ന് കൂട്ടമായി എത്തിയ പ്രകടക്കാർ കുന്നുമ്മലിലെയും കോട്ടപ്പടിയിലെയും കടകൾ അടപ്പിച്ചു. കോട്ടപ്പടിയിൽ കട അടയ്ക്കില്ലെന്ന് പറഞ്ഞ വ്യാപാരികളുമായി വാക്കേറ്റമുണ്ടായി. ജില്ലാ കളക്ടറുടെ ബംഗ്ലാവിന് മുന്നിൽ നാമജപവുമായി ദേശീയപാത ഉപരോധിച്ചായിരുന്നു പ്രതിഷേധം. പിന്നീട് എസ്.പി. ഓഫീസിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു.
രാവിലെ ഹർത്താലാണെന്ന് അറിയാതെ സർവീസ് നടത്താനെത്തിയ സ്വകാര്യ ബസുകളെ ഹർത്താൽ അനുകൂലികൾ തടഞ്ഞു. മലപ്പുറം നഗരത്തിൽ രാവിലെ മിനി ബസുകൾ സർവീസ് നടത്തിയിരുന്നെങ്കിലും പ്രതിഷേധം ശക്തമായതോടെ നിറുത്തിവെച്ചു. തിരൂരിൽ ബൈക്കിലെത്തിയ പത്തംഗ സംഘം സർവീസ് നടത്താനെത്തിയ ബസ് ജീവനക്കാരെയും ഓട്ടോ ഡ്രൈവറെയും മർദ്ദിച്ചു. തിരൂർ - കോട്ടയ്ക്കൽ റൂട്ടിലെ ഫ്രണ്ട്സ് ബസിലെ ഡ്രൈവർ കറുകത്താണി കൈതക്കൽ നിയാസ് (28), കണ്ടക്ടർ കോഴിയകത്ത് ജംഷീർ (20) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ബസിന്റെ താക്കോലും മൊബൈലും കണ്ടക്ടറുടെ കൈവശമുണ്ടായിരുന്ന 3,500 രൂപ അടങ്ങിയ ബാഗും സംഘം പിടിച്ചുവാങ്ങിയെന്ന് ബസ് ജീവനക്കാർ പൊലീസിൽ പരാതി നൽകി.
വണ്ടൂരിൽ ദേശീയപാതയിൽ മരകഷ്ണങ്ങളിട്ട് തടസ്സങ്ങളുണ്ടാക്കി. പൊലീസ് അകമ്പടിയോടെ തൃശ്ശൂരിൽ നിന്ന് കോഴിക്കോട്ടേക്ക് ഒരുമിച്ച് പോവുകയായിരുന്നു മൂന്ന് കെ.എസ്.ആർ.ടി.സി ബസുകൾ എടപ്പാളിൽ ഹർത്താൽ അനുകൂലികൾ തടഞ്ഞു. വണ്ടൂരിൽ നടക്കുന്ന ജില്ലാ ശാസ്ത്രമേള ഹർത്താലിനെ തുടർന്ന് തിങ്കളാഴ്ച്ചയിലേക്ക് മാറ്റിയതായി മലപ്പുറം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
പെരിന്തൽമണ്ണയിൽപ്രതിഷേധപ്രകടനത്തിനിടെ അക്രമത്തിന് തുനിഞ്ഞ പ്രവർത്തനെ പൊലീസ് കസ്റ്റഡിയിലെടുത്തതിനെ തുടർന്ന് പ്രതിഷേധക്കാർ ഉപരോധം നടത്തി. പ്രവർത്തകനെ വിട്ടയച്ചതിനെ തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു. പൊതുവേ സമാധാന പരമായിരുന്നു ഇവിടെ പ്രതിഷേധം .