മലപ്പുറം: ജില്ലയുടെ ഏറെക്കാലത്തെ ആവശ്യമായിരുന്ന പബ്ലിക്ക് ഹെൽത്ത് ലാബ് യാഥാർത്ഥ്യത്തിലേക്ക്. തിങ്കളാഴ്ച രാവിലെ മന്ത്രി കെ.കെ. ശൈലജ ലാബ് ഉദ്ഘാടനം ചെയ്യും. സിവിൽ സ്റ്റേഷനിലെ പഴയ കൃഷിവകുപ്പിന്റെ കെട്ടിടം നവീകരിച്ചാണ് ലാബ് സ്ഥാപിച്ചത്. നിലവിൽ ട്രയൽറണ്ണായി ലാബിന്റെ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ഡെങ്കിപ്പനി അടക്കമുളള പകർച്ചവ്യാധികൾ ജില്ലയിൽ വ്യാപകമായിട്ടും ജില്ലയ്ക്ക് പ്രഖ്യാപിച്ച പബ്ലിക് ഹെൽത്ത് ലാബ് ചുവപ്പ് നാടയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.
രക്തം, മൂത്രം സാമ്പിൾ പരിശോധനകൾക്കായി പൊതുജനങ്ങൾക്ക് ലാബിനെ സമീപിക്കാം. സർക്കാർ ആശുപത്രികളിൽ നിന്ന് വരുന്ന മുൻഗണനാവിഭാഗം റേഷൻ കാർഡുകാർക്ക് പരിശോധന സൗജന്യവും അല്ലാത്തവർക്ക് സർക്കാർ നിരക്ക് അനുസരിച്ചുമായിരിക്കും. 40 ലക്ഷം രൂപ ചെലവഴിച്ച് അത്യാധുനിക ഉപകരണങ്ങളാണ് ലാബിൽ സജ്ജീകരിച്ചിട്ടുള്ളത്. രക്തത്തിന്റെ കൗണ്ട് അറിയാൻ ഹെമറ്റോളജി അനലൈസർ, ഇലക്ട്രോലൈറ്റ് മെഷീൻ, എലൈസ മെഷീൻ, ബയോ കെമിസ്ട്രി അനലൈസർ എന്നിവ ലാബിലുണ്ട്. എലിപ്പനി, ഡെങ്കിപ്പനി, ചിക്കൻഗുനിയ, മഞ്ഞപ്പിത്തം പോലുളള പകർച്ചവ്യാധികളുടെ നിർണ്ണയം വേഗത്തിലാക്കാനും രോഗത്തിന്റെ ഗൗരവം കൃത്യമായി മനസ്സിലാക്കാനും ലാബ് ഉപകരിക്കും. മൈക്രോബയോളജി, കൾച്ചർ പരിശോധനകൾക്കുള്ള സൗകര്യം വൈകാതെ ഒരുക്കും.
ഒടുവിൽ ലാബായി
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ലാബിനായി പത്ത് തസ്തികകൾ സർക്കാർ അനുവദിച്ചിരുന്നു.
ഒരു മെഡിക്കൽ ഓഫീസർ, നാല് ലാബ് ടെക്നീഷ്യൻമാർ, ക്ലർക്ക്, ഓഫീസ് അറ്റന്റന്റ് എന്നിവരെ നിയമിച്ചിട്ടുണ്ട്.
ജൂനിയർ സയന്റിഫിക് ഓഫീസർ, ജൂനിയർ ലാബ് അസിസ്റ്റന്റ് നിയമനം എന്നിവ വൈകാതെ നടത്തും.
കഴിഞ്ഞ വർഷം സെപ്തംബറിൽ ലാബ് തുടങ്ങുമെന്നായിരുന്നു ഒടുവിൽ അറിയിച്ചിരുന്നത്.
ലാബ് ഉപകരണങ്ങൾ വാങ്ങാൻ ഫണ്ടനുവദിച്ചതിനെ തുടർന്ന് ഡി.എം.ഒ നടത്തിയ പരിശോധനയിൽ കെട്ടിടത്തിന്റെ ചോർച്ച ശ്രദ്ധയിൽപ്പെട്ടതോടെ അറ്റകുറ്റപ്പണികളുടെ പേരിൽ പിന്നെയും വൈകി.
നിലവിൽ കോഴിക്കോട്, തിരുവനന്തപുരം ലാബുകളെയാണ് പരിശോധനയ്ക്കായി ആശ്രയിക്കുന്നത്.
ജില്ലയിൽ ലാബ് യാഥാർത്ഥ്യമാകുന്നതോടെ ലാബ് ഫലങ്ങൾ വേഗത്തിലാക്കാനും കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കാനും സാധിക്കും.
നിലവിൽ ലാബ് പരിശോധനാ റിപ്പോർട്ടുകൾ ലഭിക്കാൻ പത്തുദിവസത്തെ കാലതാമസമെടുക്കുന്നുണ്ട്.
രോഗനിർണ്ണയ പരിശോധനകൾ വേഗത്തിലാക്കാൻ പബ്ലിക്ക് ഹെൽത്ത് ലാബ് ഉപകരിക്കും'
ഡോ.കെ. സക്കീന,
ഡി.എം.ഒ