തിരൂരങ്ങാടി :മനസിൽ പ്രതീക്ഷയുടെ വിത്ത് പാകി കർഷകർ ഇനിമുതൽ നെൽ വയലിലേക്ക്. ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ നെൽക്കൃഷി ഇറക്കുന്ന നന്നമ്പ്ര പഞ്ചായത്തിന്റെ മുക്കിലും മൂലയിലും വിത്തുകൾ വിതറുന്നതിന്റെ ഒരുക്കത്തിലാണവർ. ഇത്തവണ 250 ഏക്കടർ കൃഷിഭൂമിയിലാണ് നെൽ കൃഷി വിളയിക്കുന്നത്. കഴിഞ്ഞവർഷം നല്ല ലാഭം കിട്ടിയെന്ന് കർഷകർ പറയുന്നു. നന്നമ്പ്ര കൃഷിഭവൻ മുഖേനയാണ് ആവശ്യത്തിനുള്ള വിത്തുകൾ വിതരണം ചെയ്യുന്നത്. ഈ പ്രാവശ്യം തുലാം മാസം മഴ ഇല്ലാത്തതു കാരണം വൃശ്ചികം മാസത്തിൽ മഴ ലഭിക്കാനുളള സാദ്ധ്യത മുൻനിറുത്തി ഉയരം കൂടിയ പ്രദേശങ്ങളിൽ നിലമൊരുക്കി ഞാർ നടാനുള്ള ഒരുക്കത്തിലാണ് ഒരു പറ്റം കർഷകർ . ചെമ്മാട്, വെഞ്ചാലി, കാപ്പ് ഭാഗങ്ങളിൽ വെള്ളം അടിച്ച് ഒഴിവാക്കി വേണം കൃഷി ഇറക്കാൻ. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് നന്നമ്പ്ര നന്മ റൈസ് പദ്ധതി പഞ്ചായത്തിലെ ചെറുമുക്ക്, കുണ്ടൂർ, കൊടിഞ്ഞി എന്നിവിടങ്ങളിലായി കൃഷിയിറക്കിയത് വൻ വിജയമായിരുന്നു.കഴിഞ്ഞ വർഷം നൂറോളം ഏക്കറിൽ ജൈവകൃഷി നെൽ ഇറക്കി നന്മ റൈസ് വിപണിയിൽ എത്തിച്ചിരുന്നു. ഇതിനായി 15 ലക്ഷം രൂപ ബ്ലോക്ക് വകയിരുത്തിയിരുന്നു. ഈ വർഷം നന്നമ്പ്രയിലെ കർഷകരുടെ യോഗം വിളിച്ച് കൂടുതൽ ഏക്കറിൽ കൃഷിയിറക്കാൻ സ്ഥലം പരിശോധിച്ച് അതിനു വേണ്ട ശ്രമം നടത്തുമെന്ന് തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. അബ്ദുൽകലാം അറിയിച്ചു.