മഞ്ചേരി: മഞ്ചേരിയിൽ ഏഴു കിലോഗ്രാം കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. തമിഴ്നാട്ടിൽ നിന്നു ചില്ലറ വിൽപ്പന വിപണി ലക്ഷ്യമിട്ടു കൊണ്ടുവന്ന കഞ്ചാവുമായി തുറയ്ക്കൽ സ്വദേശി പുതുശ്ശേരി വീട്ടിൽ സൈനുദ്ദീൻ(31) ആണ് അറസ്റ്റിലായത്.
മലപ്പുറം എക്സൈസ് ഇന്റലിജന്റ്സ് വിഭാഗം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മഞ്ചേരി റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി.വി. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം മേലാക്കം ജസീല ജംഗ്ഷനു സമീപം വച്ചു പിടികൂടുകയായിരുന്നു.
തമിഴ്നാട്ടിലെ ഏർവാടിയിൽ നിന്നും കഞ്ചാവ് ബാഗിലാക്കി ബൈക്കിൽ വരുന്നതിനിടെയാണ് എക്സൈസ് സംഘത്തിന്റെ വലയിലായത്. ഏഴു കിലോഗ്രാം കഞ്ചാവും 3000 രൂപയും ഇയാളിൽ നിന്നു പിടിച്ചെടുത്തു. ഏർവാടിയിൽ നിന്നും കഞ്ചാവു വിപണി നിയന്ത്രിക്കുന്ന സംഘത്തെ കുറിച്ച് വ്യക്തമായി വിവരം ലഭിച്ചിട്ടുണ്ടെന്നും ഈ ദിശയിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
രണ്ടു കിലോഗ്രാം കഞ്ചാവുമായി 2016ലും ഇയാളെ എക്സൈസ് പിടികൂടിയിരുന്നു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എം. അബ്ദുൾ ബഷീർ, ഇന്റലിജന്റ്സ് വിഭാഗം പ്രിവന്റീവ് ഓഫീസർ ടി. ഷിജുമോൻ, സിവിൽ എക്സൈസ് ഓഫീസർമാരായ പി . സഫീറലി, എ.പി. ഉമ്മർകുട്ടി, ടി. ശ്രീജിത്ത്, കെ. സതീഷ്കുമാർ, ഡ്രൈവർ ഉണ്ണികൃഷ്ണൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
പ്രതിയെ മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. പ്രതിയെ കോടതി റിമാൻഡു ചെയ്തു.