പൊന്നാനി: നഗരസഭ പ്രദേശത്തെ തെരുവ് വിളക്ക് പരിപാലനത്തിന് ഒരു വർഷത്തെ കരാറെടുത്ത കരാറുകാരൻ കൃത്യമായി പ്രവൃത്തി ചെയ്യാതെ മുങ്ങി നടക്കുന്നതിനാൽ മാസങ്ങളായി മിക്ക പ്രദേശങ്ങളും ഇരുട്ടിലാണ്. നിരവധി തവണ കൗൺസിൽ യോഗത്തിൽ ഉൾപ്പെടെ പരാതിപ്പെട്ടിട്ടും കരാറുകാരനെതിരെ നടപടി എടുക്കാൻ ചെയർമാൻ മടി കാണിക്കുന്നത് ഒത്തു കളിയുടെ ഭാഗമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്ഥമായി ഉപകരണങ്ങൾ കൂടാതെ ഒരു ഇലക്ട്രിക്ക് പോസ്റ്റിന് 355 രൂപ നിരക്കിൽ കരാർ നല്കിയത് തന്നെ വലിയ സാമ്പത്തിക ബാദ്ധ്യതയാണ് നഗരസഭയ്ക്ക് വരുത്തിവച്ചിരിക്കുന്നത്.
കൗൺസിലർമാർ രേഖാമൂലം പരാതി നൽകി ഒരു മാസം കഴിഞ്ഞാൽ പോലും അറ്റകുറ്റപ്പണി നടത്താൻ തയ്യാറാകാതെ കരാറുകാരൻ കൗൺസിലർമാരെ അപമാനിക്കുകയാണ്.അമ്പത് ലക്ഷത്തിലധികം രൂപ ചെലവഴിച്ചിട്ടും ഇപ്പോഴും നഗരം ഇരുട്ടിൽ മുങ്ങുന്ന സാഹചര്യത്തിൽ കരാറുകാരനെതിരെ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് എം.പി.നിസാർ, കൗൺസിലർ ഉണ്ണികൃഷ്ണൻ പൊന്നാനി എന്നിവർ ആവശ്യപ്പെട്ടു.ഈ ആവശ്യം ഉന്നയിച്ച് ശക്തമായ സമരത്തിനും നിയമ നടപടിക്കും പ്രതിപക്ഷം രംഗത്തിറങ്ങുമെന്നും ഇവർ വ്യക്തമാക്കി.