തിരൂരങ്ങാടി: ദേശീയപാത വികസനത്തിനായി ഭൂമി വിട്ടുകൊടുക്കുന്നവർക്കുള്ള ഹിയറിംഗ് ഉടൻ നടക്കാനിരിക്കെ തിരൂരങ്ങാടി വില്ലേജിൽ സർട്ടിഫിക്കറ്റുകൾക്കായി ഇരകളുടെ നെട്ടോട്ടം. വില്ലേജ് ഓഫീസിൽ നിന്ന് സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ ഏറെ കാലതാമസമെടുക്കുന്നതിനൊപ്പം പലതവണ കയറിയിറങ്ങേണ്ട അവസ്ഥയിലാണ്. വെന്നിയൂർ മുതൽ കൂരിയാട് പാലം വരെയാണ് ദേശീയപാത വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നന്നത്. ഭൂമിവിട്ടുകൊടുക്കുന്നവർക്ക് നഷ്ടപരിഹാരം ലഭിക്കാൻ അനന്തരാവകാശ സർട്ടിഫിക്കറ്റ്, കൈവശ സർട്ടിഫിക്കറ്റ്, ഭൂനികുതിയുടെ രസീത് തുടങ്ങിയ രേഖകൾ വില്ലജ് ഓഫീസിൽ നിന്ന് ലഭിക്കണം. ഇതിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ലഭിക്കാൻ ആറ്മാസം വരെ സമയം പിടിക്കും. രണ്ട് രക്തബന്ധുക്കളും രണ്ട് അയൽവാസികളും വില്ലേജ് ഓഫീസറുടെ മുന്നിൽ വെച്ച് സാക്ഷ്യപ്പെടുത്തിയാലേ സർട്ടിഫിക്കറ്റ് ലഭിക്കൂ. സർട്ടിഫിക്കറ്റുകൾ സമയബന്ധിതമായി സമർപ്പിച്ചില്ലെങ്കിൽ നഷ്ടപരിഹാരം ലഭിക്കില്ലെന്ന ആശങ്കയിലാണ് ഭൂമിവിട്ടുകൊടുക്കുന്നവർ. ജോലിയടക്കമുള്ളവ മാറ്റിവെച്ച് സർട്ടിഫിക്കറ്റുകൾക്കായി എത്തിയാലും വില്ലേജ് ഓഫീസിലെ തിരക്ക്മൂലം പലതവണ കയറിയിറങ്ങേണ്ട അവസ്ഥയാണ്.
വെന്നിയൂർ മുതൽ പള്ളിപ്പടി ഭാഗം വരെ പരന്നുകിടക്കുന്ന തിരൂരങ്ങാടി വില്ലേജ് ഓഫീസ് വിഭജിക്കണമെന്ന കാലങ്ങളായുള്ള ആവശ്യം അവഗണിച്ചതാണ് പ്രശ്നങ്ങൾ രൂക്ഷമാക്കിയത്. വില്ലേജിൽ 14,000ത്തോളം കൈവശക്കാർ തന്നെയുണ്ട്. ഭൂനികുതി അടക്കുാനായി എന്നും വലിയ ക്യൂവാണ്. ഓൺലൈൻ വഴി അപേക്ഷിച്ചാൽ അന്നുതന്നെ കിട്ടേണ്ട കൈവശ സർട്ടിഫിക്കറ്റ് പോലും കിട്ടാൻ അഞ്ച് ദിവസമെടുക്കുന്നുണ്ട്. വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പ്, ബാങ്ക് ലോൺ. മറ്റ് ആനുകൂല്യങ്ങൾ തുടങ്ങിയവയ്ക്കും സമയബന്ധിതമായി അപേക്ഷിക്കുനാവുന്നില്ല
വില്ലേജ് ഓഫീസറെ കാണാൻ നാല് ദിവസം മുമ്പുതന്നെ അതിരാവിലെയെത്തി ക്യൂനിന്ന് ടോക്കണെടുക്കണം. 10 മണിക്ക് ശേഷമാണ് ടോക്കൺ കൊടുക്കുക. ഒരുദിവസം 25 ടോക്കൺ നൽകും. ഇതുതന്നെ അഞ്ച് ദിവസത്തിന് ശേഷമുള്ള ടോക്കണാവും. അപേക്ഷകളും മറ്റും വില്ലേജ് ഓഫീസറെ കാണിക്കാനും ടോക്കൺ എടുക്കണം. ഉച്ചക്ക് ശേഷമെത്തുന്നവരെ മടക്കിയയക്കും. ടേക്കൺ ലഭിച്ച ദിവസങ്ങളിൽ വില്ലേജ് ഓഫീസറില്ലെങ്കിൽ തൊട്ടടുത്ത ദിവസം തിരക്ക് ഇരട്ടിയാവും. നിലവിൽ രണ്ട് ജീവനക്കാരുടെ കുറവുമുണ്ട്.