നിലമ്പൂർ: റബർ സീസൺ ആരംഭിച്ചതിന് തൊട്ടുപിന്നാലെ റബർ വില കുപ്പുകുത്തിയത് കർഷകരെയും തൊഴിലാളികളെയും ആശങ്കയിലാഴ്ത്തുന്നു. നവംബർ, ഡിസംബർ മാസങ്ങളിലാണ് ഏറ്റവും കൂടുതൽ റബർ ഉത്പാദനം നടക്കുന്നത്. റബർ വില ഉയരുമെന്ന പ്രതീക്ഷയിലുമായിരുന്നു കർഷകർ. എന്നാൽ വില കുത്തനെ ഇടിഞ്ഞ് നാലാം തരം റബറിന് 120 രൂപക്ക് താഴെയായി. ഇതോടെ പല എസ്റ്റേറ്റുകളിലും ടാപ്പിംഗ് നിറുത്തിവെയ്ക്കാൻ ഒരുങ്ങുകയാണ്. പ്രളയത്തെ തുടർന്ന് മുൻവർഷങ്ങളേക്കാൾ ഉത്പാദനം കുറവാണെന്നും കർഷകർ പറയുന്നു. 25,000തോളം റബർ കർഷകരാണ് ജില്ലയിലുള്ളത്. നിലമ്പൂർ, മഞ്ചേരി എന്നിവിടങ്ങളിൽ റബർ ബോർഡിന് രണ്ട് റീജ്യണൽ ഓഫീസുകളുമുണ്ട്. അനുദിനം വില കുറയുന്നത് റബർ വ്യാപാരികളെയും വലക്കുകയാണ്. റബർ മേഖലയിൽ 50,000ത്തോളം തൊഴിലാളികളാണ് ജോലി ചെയ്തു വരുന്നത്. വിലയിടിവിനെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ 10,000 തൊഴിലാളികൾക്ക് ജോലി നഷ്ടമായിട്ടുണ്ട്. എല്ലാ പ്രധാന രാഷ്ട്രീയ പാർട്ടികൾക്കും കർഷക സംഘടനകളുണ്ടെങ്കിലും റബർ കർഷകരുടെ പ്രശ്‌നത്തിൽ മൗനം പാലിക്കുകയാണ്. കേന്ദ്ര സർക്കാർ റബർ ഇറക്കുമതി തുടരുമ്പോൾ സംസ്ഥാന സർക്കാരും പ്രതിപക്ഷവും മൗനത്തിലാണ്.