prabath
അ​ന്താ​രാ​ഷ്ട്ര​ ​കേ​ര​ള​ച​രി​ത്ര​ ​കോ​ൺ​ഫ​റ​ൻ​സി​ന്റെ​ ​സ​മാ​പ​ന​സ​മ്മേ​ള​നം​ പ്രൊ​ഫ.​ ​പ്ര​ഭാ​ത് ​പ​ട്‌​നാ​യി​ക് ഉദ്ഘാടനം ചെയ്യുന്നു

തിരൂർ: സാമൂഹികമായ ആവശ്യങ്ങളെ നിറവേറ്റുന്ന തരത്തിലായിരിക്കണം ഉന്നതവിദ്യാഭ്യാസ സമ്പ്രദായം ക്രമീകരിക്കേണ്ടതെന്ന് പ്രൊഫ. പ്രഭാത് പട്‌നായിക്. സമൂഹത്തിൽ വിദ്യാഭ്യാസത്തിന് വളരെ പ്രധാനപ്പെട്ട പങ്കാണ് ഉള്ളതെന്നും സമൂഹത്തിന്റെ വ്യവസ്ഥകളെയും സംസ്‌കാരത്തെയും മനസ്സിലാക്കുന്ന പാഠ്യപദ്ധതികൾക്ക് ഊന്നൽ നൽകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ ഉന്നതവിദ്യാഭ്യാസത്തിന് ലഭിക്കുന്നതിന്റെ പകുതി പ്രാധാന്യം പോലും പ്രൈമറി വിദ്യാഭ്യാസത്തിന് ലഭിക്കുന്നില്ല, അടിത്തട്ടിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും എങ്കിൽ മാത്രമേ വ്യക്തികളിലെ നൈസർഗികമായ കഴിവുകളെ വികസിപ്പിക്കാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിൽ മൂന്ന് ദിവസമായി നടന്നുകൊണ്ടിരിക്കുന്ന ആറാം അന്താരാഷ്ട്ര കേരളചരിത്ര കോൺഫറൻസിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തെ വളരെ മികച്ച രീതിയിൽ നിർമ്മിച്ചെടുത്ത ഉത്പന്നമായാണ് ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം കാണുന്നത്. ഇത്തരത്തിലെ ഉത്പന്നവൽക്കരണം വിദ്യാർത്ഥികളെ സ്വാർത്ഥചിന്തയിലേക്ക് നയിക്കുന്നു എന്നും അദ്ദേഹം പറയുകയുണ്ടായി.

എ.എം. ഷിനാസിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമാപനസമ്മേളനത്തിൽ ഡോ. പി.ജെ. വിൻസെന്റ്, ഡോ. അനിൽ വള്ളത്തോൾ, ഡോ. സതീഷ് പാലങ്കി എന്നിവർ സംസാരിച്ചു. ചടങ്ങിൽ പ്രൊഫ. രാജൻ ഗുരുക്കൾ 'മലബാർ സമര ശതാബ്ദി സ്മാരകപ്രഭാഷണം' നിർവഹിച്ചു.
ഉത്തരവാദിത്വത്തിൽ അധിഷ്ഠിതമായ സ്വാതന്ത്ര്യമാണ് വിദ്യാർത്ഥികൾക്ക് നൽകേണ്ടതെന്നും സമൂഹം നൽകാൻ തയ്യാറാകാത്ത സ്വാതന്ത്ര്യം ചോദിച്ചുവാങ്ങാൻ മടിക്കേണ്ടതില്ലെന്നും സിസ്റ്റർ ജെസ്മി. ഇന്ന് സമൂഹമാധ്യമങ്ങൾ സ്ത്രീകൾ ധാരാളമായി ഉപയോഗിക്കാൻ തുടങ്ങിയിരിക്കുന്ന സാഹചര്യത്തിൽ സ്ത്രീകൾക്ക് എതിരായ സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിക്കുകയുണ്ടായിട്ടുണ്ടെന്നും 'വേണം എന്നോ ഉണ്ട് എന്നും പറയുന്നതപോലെ വേണ്ട എന്നും ഇല്ല എന്നും' പറയാൻ സ്ത്രീകൾ പഠിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. ആറാമത് അന്താരാഷ്ട്ര ചരിത്ര കോൺഫറൻസിനോട് അനുബന്ധിച്ചു നടന്ന 'ചരിത്രവും ലിംഗനീതിയും' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ. ഡോ. സ്മിത കെ. നായരുടെ അദ്ധ്യക്ഷതയിൽ നടന്ന സംവാദത്തിൽ ഡോ. ഷംസാദ് ഹുസൈൻ, സോണിയ ഇ.പി., ഡോ. ശ്രീജ എൽ.ജി. ഡോ. ധന്യ ആർ. എന്നിവർ സംസാരിച്ചു. സമാന്തര സെഷനുകളിലായി ഗവേഷകരുടെയും വിദ്യാർത്ഥികളുടെയും പ്രബന്ധാവതരണങ്ങളും നടന്നു. ജ്ഞാനപീഠ ജേതാവും മലയാളത്തിന്റെ കഥാകാരനുമായ എം.ടി. വാസദേവൻ നായരെ കുറിച്ച് ഡോ. അൻവർ അബ്ദുള്ള തയ്യാറാക്കിയ ഡോക്യുമെന്ററിയുടെ പ്രകാശനം എം.ആർ. രാഘവവാരിയർ നിർവഹിച്ചു. രജിസ്ട്രാർ ഇൻ ചാർജ് ഡോ. ടി. അനിതകുമാരിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ, ഡോ. സതീഷ് പാലങ്കി എന്നിവർ സംസാരിച്ചു. അന്താരാഷ്ട്ര കേരളചരിത്ര കോൺഫറൻസിന്റെ അഞ്ചാമത് പ്രൊസീഡിംഗ്‌സ് വാല്യം പ്രൊഫ. കെ. ഗോപാലൻകുട്ടി ഡോ. അനിൽ വള്ളത്തോളിന് നൽകി പ്രകാശനം ചെയ്തു. ഡോ. കെ. മനോജ് നന്ദി പറഞ്ഞു. കോൺഫറൻസിനോട് അനുബന്ധിച്ച് വാഗൺ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട ചുമർചിത്രം തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് നീക്കം ചെയ്യപ്പെട്ടതിൽ പ്രമേയം ഡോ.പി. സതീഷ് പാലങ്കി അവതരിപ്പിക്കുകയും ഡോ. പി. ശിവദാസൻ അനുവാദകനുമായി.