speaker-shreerama-krishna
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിൽ ആർ.കെ.എൽ.എസ് ഡിസ്‌കൗണ്ട് കാർഡിന്റെ ജില്ലാ തല വിതരണോദ്ഘാടനം സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നിർവഹിക്കുന്നു.


പൊന്നാനി: പ്രളയത്തിൽ നഷ്ടപ്പെട്ട ഗൃഹോപോകരണങ്ങൾ വാങ്ങാനുള്ള ഏറ്റവും മികച്ച വായ്പാ പദ്ധതിയാണ് ആർ.കെ.എൽ.എസ് (റീസർജെന്റ് കേരള ലോൺ സ്‌കീം) എന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിൽ ആർ.കെ.എൽ.എസ് ഡിസ്‌കൗണ്ട് കാർഡിന്റെ ജില്ലാ തല വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പ്രളയത്തിൽ നഷ്ടപ്പെട്ടതെല്ലാം തിരിച്ചു പിടിക്കാൻ സർക്കാർ നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതെന്നും സ്പീക്കർ പറഞ്ഞു. പ്രളയത്തിൽ കേരളത്തിലെ യുവജനങ്ങൾ മാതൃകപരമായ പ്രവർത്തനങ്ങളാണ് ചെയ്തിരിക്കുന്നത്. ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനങ്ങളിലും രക്ഷാപ്രവർത്തനങ്ങളിലും യുവജനങ്ങൾ ഉണർന്ന് പ്രവർത്തിക്കാൻ മുമ്പിലുണ്ടായിരുന്നെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.
പ്രളയത്തിൽ സർവ്വവും നഷ്ടമായ വരെ കൈ പിടിച്ചു കയറ്റാൻ സർക്കാർ ആവിഷ്‌കരിച്ച വായ്പ പദ്ധതിയാണ് ആർ.കെ.എൽ.എസ്. പദ്ധതി പ്രകാരം ഒരു കുടുംബത്തിന് നഷ്ടമായ ഗൃഹോപകരണങ്ങൾ തിരിച്ചു പിടിക്കാൻ പലിശ രഹിതമായി ഒരു ലക്ഷം വരെ വായ്പ ലഭിക്കും. നിരവധി ഏജൻസികൾ ഈ പദ്ധതിയിൽ സർക്കാരിനൊപ്പമുണ്ട്. ആർ.കെ.എൽ.എസ് വായ്പയുടെ ഭാഗമായി നൽകുന്ന ഡിസ്‌കൗണ്ട് കാർഡുമായി വരുന്ന ഗുണഭോക്താക്കൾക്ക് ഡിസ്‌കൗണ്ട് നിരക്കിൽ ഗൃഹോപകരണങ്ങൾ വാങ്ങാൻ കഴിയും. സോണി , വീ ഗാർഡ്, നോൾട്ട, വേൾപൂൾ തുടങ്ങിയ ബ്രാൻഡഡ് കമ്പനികളുടെ ഗൃഹോപകരണങ്ങളാണ് ഡിസ്‌കൗകൗണ്ട് കാർഡിലൂടെ ലഭിക്കുക.

ജില്ലയിൽ 669 അയൽക്കൂട്ടങ്ങളിൽ നിന്ന് 2000 പേരാണ് ഡിസ്‌കൗണ്ട് കാർഡിനായി അപേക്ഷിച്ചത്. ഇതിൽ 866 പേർക്കാണ് ഡിസ്‌കൗണ്ട് കാർഡ് ലഭിക്കുന്നത്. ഇവർക്കായി 7.23 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. പെരുമ്പടപ്പ് ബ്ലോക്ക് പരിധിയിലെ 106 പേർക്കാണ് ഡിസകൗണ്ട് കാർഡ് ലഭിച്ചത്. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആറ്റുണ്ണി തങ്ങൾ അധ്യക്ഷനായി. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ സി.കെ ഹേമലത, നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. സത്യൻ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ അഡ്വ. എം.ബി ഫൈസൽ , ഷമീറ ഇളയിടത്ത്, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജമീല മുഹമ്മദ്, കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോ ഓർഡിനേറ്റർ കെ.പി സായി കൃഷ്ണൻ തുടങ്ങി വിവിധ രാഷ്ട്രീയ പ്രതിനിധികൾ സംസാരിച്ചു.