gaja
ഗജ

മലപ്പുറം: തെക്കു കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദമായി ശക്തി കുറഞ്ഞ് എത്തിയ ഗജ ചുഴലിക്കാറ്റ് വീണ്ടും ചുഴലിക്കാറ്റായി രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ നാളെ വരെ മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. കേന്ദ്ര കലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ നിർദേശത്തെ തുടർന്നാണ് അറിയിപ്പ്. നിലവിൽ ഈ ന്യൂനമർദ്ദം കൊച്ചി തീരത്ത് നിന്നും ഏകദേശം 400 കിലോമീറ്റർ പടിഞ്ഞാറ് മാറി നിലനിൽക്കുന്നു. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അനുമാനം അനുസരിച്ച് ഈ ചുഴലിക്കാറ്റ് തുടർന്നും പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കും.
കേരളതീരത്ത് മണിക്കൂറിൽ 40 മുതൽ 50 കി. മീ വേഗതയിലും ചില അവസരങ്ങളിൽ 60 കി. മീ വേഗത്തിലും ശക്തമായ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ മരങ്ങൾ, വൈദ്യുതി തൂണുകൾ, ടവറുകൾ തുടങ്ങിയ ഇടങ്ങളിൽ അധികസമയം ചിലവഴിക്കാനോ വാഹനങ്ങൾ പാർക്കു ചെയ്യാനോ പാടില്ലയെന്ന് അധികൃതർ അറിയിച്ചു.