nabi

മുസ്ലിം ലോകം എറെ ആദരവോടെ പരിഗണിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന മാസമാണ് ഹിജ്‌റ കലണ്ടർ പ്രകാരമുള്ള റബീഉൽ അവ്വൽ. മുഹമ്മദ് നബി ജനിച്ചത് ഈ മാസത്തിലെ പന്ത്രണ്ടാം തിയതിയാണ് എന്നതാണ് ഈ സന്തോഷ പ്രകടനങ്ങളുടെ കാരണം. ആദ്യ വസന്തമെന്നാണ് റബീഉൽ അവ്വല്ലെന്ന പദത്തിന്റെ അർത്ഥം. അങ്ങനെ പ്രവാചകരുടെ ജീവിതവും മുസ്ലിങ്ങളും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ ഈ വിശുദ്ധ മാസം അടയാളപ്പെടുത്തുന്നു.

മുസ്‌ലിങ്ങളുടെ ജീവിതത്തെ സുന്നത്ത് എന്നറിയപ്പെടുന്ന പ്രവാചകചര്യകളുമായി കൂടുതൽ അടുപ്പിച്ചു നിർത്തുന്നതിൽ നബിദിനാഘോഷങ്ങൾക്കു വലിയ പങ്കുണ്ട്. പ്രവാചകരുടെ ജീവിതത്തിലെ ഓരോ ചലനങ്ങളെയും അതിന്റെ വിശദശാംശങ്ങളോടെ രേഖപ്പെടുത്തിയ മാർഗരേഖയാണ് സുന്നത്ത്. അതിനെ ഏറ്റവും സൂക്ഷ്മതയോടെ പിന്തുടരുകയെന്നതാണ് മുസ്ലിമാവുക എന്നതിന്റെ അർത്ഥം. നബി കൽപ്പിച്ച ഉത്കൃഷ്ടവും മാതൃകായോഗ്യവുമായ ജീവിതത്തിന്റെ പാഠങ്ങൾ ഉൾകൊള്ളുകയും പകർത്തുകയും ചെയ്യാൻ റബീഉൽ അവ്വൽ വിശ്വാസികളെ പ്രേരിപ്പിക്കുന്നുണ്ട്.

മുസ്‌ലിങ്ങളുടെ മതപരമായ ഒരാഘോഷമെന്നതിനപ്പുറം ജാതി, മത ഭേദ്യമന്യേ പരസ്പരം സന്തോഷങ്ങൾ പങ്കുവെക്കുന്ന ഒരവസരമായി നബിദിനാഘോഷങ്ങൾ മാറിയിട്ടുണ്ട്. നബിദിനാഘോഷ യാത്രകളെ സ്വീകരിക്കുകയും മദ്രസ്സാ വിദ്യാർത്ഥികൾക്ക് മധുര പലഹാരങ്ങൾ എത്തിച്ചുകൊടുക്കുകയും ചെയ്യുന്ന വിവിധ മതസാമൂഹിക വിഭാഗങ്ങൾ നബിദിനാഘോഷം വ്യത്യസ്ത മതവിഭാഗങ്ങളെ എങ്ങനെ പരസ്പരം കൂട്ടിയിണക്കുന്നു എന്നതിന്റെ നേർസാക്ഷ്യമാണ്. കേരളത്തിലെ സൂഫീ ദർഗകൾ കേന്ദ്രീകരിച്ചുള്ള നേർച്ചകളും മറ്റു ആഘോഷങ്ങളും മലയാളികളുടെ പാരസ്പര്യ ബോധത്തെ എങ്ങനെ കൂട്ടിയിണക്കുന്നു എന്നതിനെ കുറിച്ച് പല സാമൂഹിക ശാസ്ത്രജ്ഞന്മാരും പറഞ്ഞിട്ടുണ്ടല്ലോ.

അശുഭകരമായ വാർത്തകളാണ് നാം ചുറ്റിലും കേൾക്കുന്നത്. സാമൂഹിക മാദ്ധ്യമങ്ങളുടെ ജനകീയ സാധ്യതകൾ ഉപയോഗപ്പെടുത്തി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുക ഇന്ന് പലരുടെയും ശീലമായിട്ടുണ്ട്. മുഹമ്മദ് നബിയുടെ തന്നെ ജീവിതത്തെ തെറ്റായി അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ പലയിടങ്ങളിലായി നടക്കുന്നു. അതിലൂടെ സാമൂഹിക സംഘർഷങ്ങളുണ്ടാക്കാനും സൗഹൃദ ജീവിതങ്ങളെ മുറിവേൽപ്പിക്കാനും കഴിയുമെന്നാണ് ഇത്തരം ആളുകൾ വിശ്വസിക്കുന്നത്. വാസ്തവത്തിൽ മുഹമ്മദ് നബിയുടെ, മറ്റേത് പ്രവാചകരുടെയും മതാചാര്യന്മാരുടെയും ചരിത്രം പഠിക്കുമ്പോൾ ഉത്തമമായ പാഠങ്ങളാണ് ഓരോ വിശ്വാസികൾക്കും ലഭിക്കുക. ലോകത്ത് അവരൊക്കെ ചലനവും സ്വാധീനവുമുണ്ടാക്കിയത് മനുഷ്യഹൃദയങ്ങളെ സർഗാത്മകമായും മാനവികമായും കീഴടക്കിയത് കൊണ്ടാണ്. സത്യസന്ധത, വിനയം, സ്ത്രീകളോടും മുതിർന്നവരോടും കുട്ടികളോടുമുള്ള ബഹുമാനം, മുസ്‌ലിം ഭരണാധികാരികൾക്ക് കീഴിൽ പോലും എല്ലാ വിശ്വാസികൾക്കും അവരുടെ ആചാരപ്രകാരം ജീവിക്കാനുള്ള അനുമതി നൽകൽ, സുതാര്യത തുടങ്ങി ഒട്ടനേകം മാതൃകകളുടെ പ്രതിരൂപമായിരുന്നു മുഹമ്മദ് നബി.

നബിയുടെ ആശയങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് പ്രശ്‌നങ്ങളും സംഘർഷങ്ങളുമുണ്ടാക്കി സാമൂഹിക ജീവിതത്തെ താറുമാറാക്കാൻ ശ്രമിക്കുന്ന ചെറിയൊരു ന്യൂനപക്ഷമുണ്ടെന്നത് ദുഖകരമായ കാര്യമാണ്. ഇത്തരം ആളുകളെയും ആശയങ്ങളെയും നേരിടുകയെന്നത് ഇന്ന് നമ്മുടേത് പോലുള്ള ഒരുസമൂഹത്തിൽ പോലും സുരക്ഷാ പ്രശ്‌നമായി കൂടി മാറിക്കഴിഞ്ഞു. എല്ലാ ആശയധാരകളിലുമുണ്ടാകും ഇത്തരം പ്രശ്നകാരികൾ. മതം ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളെ അതിന്റെ യഥാർത്ഥ അന്തസത്ത ഉൾക്കൊണ്ടുകൊണ്ടും പ്രാമാണികമായ സ്രോതസ്സുകളിൽ നിന്നും പഠിക്കാൻ അവസരം കിട്ടാത്തതാണ് ഇത്തരം പ്രശ്നങ്ങളുടെ യഥാർത്ഥ കാരണം. ഇക്കാര്യത്തിൽ മതകീയ നേതൃത്വങ്ങളും സ്ഥാപനങ്ങളും കൂടുതൽ ശ്രദ്ധയും കരുതലും കാണിക്കണം.

മുഹമ്മദ് നബി കാണിച്ച ജീവിതത്തെ സൂക്ഷമമായി പിന്തുടരുന്നവർക്കേ ഉയർന്ന പൗരബോധം പുലർത്താൻ സാധിക്കുകയുള്ളൂ. നബിയുടെ ജീവിതത്തിൽ നിന്നും മാതൃകകൾ കണ്ടെത്താനും അവ പരസ്പരം പരിചയപ്പെടുത്താനും നാം ശ്രദ്ധിക്കണം. സംഘർഷങ്ങൾക്ക് സമൂഹത്തെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ല. പരസ്പര വിശ്വാസവും വിഭവങ്ങളുടെ നീതിപൂർവകമായ പങ്കുവെപ്പുമാണ് മനുഷ്യന് സാംസ്‌കാരികമായ ഔന്നത്യം നേടിക്കൊടുത്തത്. സഹവർത്തിത്വമാണ് ഉണ്ടാവേണ്ടത്. എല്ലാവർക്കും നബിദിന സന്തോഷങ്ങൾ.