മലപ്പുറം: ഉപയോഗശേഷം വലിച്ചെറിഞ്ഞ അയ്യായിരത്തോളം പേനകൾ ചേർത്ത് വലിയൊരു പേനയാക്കി പന്തല്ലൂർ എച്ച്.എസ്.എസിലെ കാമ്പസ് ശില്പം. ജൂൺ മുതൽ സ്കൂളിലെ കുട്ടികൾ ശേഖരിച്ച പേനകളാണ് ചിത്രകലാദ്ധ്യാപകൻ പ്രവീണിന്റെ നേതൃത്വത്തിൽ 'ബിഗ് പെന്നാ'യി മാറിയത്. ഏഴ് മീറ്റർ നീളമുള്ള പേനയ്ക്ക് 68 കിലോയാണ് ഭാരം. സ്കൂൾ സ്റ്റോറിൽ നിന്ന് ദിനംപ്രതി അമ്പതോളം പേനകൾ കുട്ടികൾ വാങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട അദ്ധ്യാപകരാണ് ശില്പത്തിന് പിന്നിൽ. പ്ലാസ്റ്റിക് പേനകൾ വലിച്ചെറിയുമ്പോൾ ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് അവബോധം ഉണ്ടാക്കാനും പരമാവധി പ്രകൃതി സൗഹൃദ ഉത്പന്നങ്ങൾ ഉപയോഗിച്ച് ശീലമാക്കാനുമാണ് ശില്പം ലക്ഷ്യമിടുന്നത്. ബോൾ പേനകൾ ഉപേക്ഷിച്ച് മഷിപ്പേന ശീലമാക്കാനാണ് അദ്ധ്യാപകർ കുട്ടികളെ ഉപദേശിക്കുന്നത്. ഇതിനായി ഓരോ ക്ലാസിലും മഷി നിറച്ച കുപ്പി എപ്പോഴുമുണ്ടാകും. 22ന് സ്കൂളിൽ നടക്കുന്ന പരിപാടിയിൽ ഡെപ്യൂട്ടി കളക്ടർ അബ്ദുൾ റഷീദ് ബിഗ് പെൻ എഴുതി ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ പി.ടി.എ. പ്രസിഡന്റ് സി.പി. അബ്ദുൾ റഷീദ്, എം.പി. അബ്ദുൽ അസീസ്, ടി. നിഷി പ്രസാദ്, സ്റ്റാഫ് സെക്രട്ടറി കെ. പത്മപ്ര സാദ് എന്നി വർ പ ങ്കെടുത്തു.