പെരിന്തൽമണ്ണ: ഗുരുദേവ ദർശനങ്ങൾക്ക് സമകാലിക സമൂഹത്തിൽ പ്രസക്തി വർദ്ധിച്ചതായി എസ്.എൻ.ഡി.പി യോഗം കൗൺസിലർ അഡ്വ.എം. രാജൻ പറഞ്ഞു. പെരിന്തൽമണ്ണ ടൗൺ എസ്.എൻ.ഡി.പി ശാഖയുടെ വാർഷിക പൊതുയോഗത്തിൽ സമകാലീന കേരളവും എസ്.എൻ.ഡി.പി യോഗവും എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഗുരുദേവന് ആവശ്യക്കാർ നാൾക്കുനാൾ വർദ്ധിച്ചുവരികയാണ്. ഇപ്പോൾ രാഷ്ട്രീയ പരിപാടികളിൽ ഗുരുദേവന്റെ ഫോട്ടോ ഇല്ലാത്ത ഫ്ളക്സില്ലാത്ത അവസ്ഥയാണ്. ഗുരുദേവൻ സ്വന്തം സമുദായത്തിന് മാത്രമായി ഒന്നും ചെയ്തിട്ടില്ല. ലോകനന്മ ലക്ഷ്യമിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം. ഇതാണ് ഗുരുദേവന്റ മഹത്വം ഉയർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പെരിന്തൽമണ്ണ കിടങ്ങിലെ വാസു കോതറായിലിന്റെ വീട്ടിൽ ചേർന്ന യോഗം ശാഖാ പ്രസിഡന്റ് വി.പുരുഷോത്തമന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ പ്രസിഡന്റ് പാറക്കോട്ടിൽ ഉണ്ണി ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറിയായിരിക്കെ നിര്യാതനായ അല്ലക്കാട്ട് കൃഷ്ണന്റെ വേർപാടിൽ യോഗം അനുശോചിച്ചു. യൂണിയൻ സെക്രട്ടറി പാമ്പലത്ത് മണി, യോഗം ഡയറക്ടർ ബോർഡ് അംഗം രമേശ് കോട്ടയപ്പുറത്ത്, കൗൺസിലർമാരായ ശ്രീധരൻ പരവയ്ക്കൽ, സുബ്രഹ്മണ്യൻ അങ്ങാടിപ്പുറം,ആറ്റുപറമ്പിൽ രവീന്ദ്രൻ, യൂണിയൻ വനിതാസംഘം പ്രസിഡന്റ് എ.ഉഷാ ബേബി, സെക്രട്ടറി പി.പ്രസന്നകുമാരി, അങ്ങാടിപ്പുറം ശാഖാ സെക്രട്ടറി കെ.പ്രേംകുമാർ, കുറുവ ശാഖ സെക്രട്ടറി പാമ്പലത്ത് വിജയൻ, യൂത്ത് മൂവ്മെന്റ് വൈസ് പ്രസിഡന്റ് കെ.ജിതിൻ എന്നിവർ പ്രസംഗിച്ചു. കൗൺസിലർ വാസു കോതറായിൽ സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് കുഴാംപറമ്പിൽ ശശിധരൻ നന്ദിയും പറഞ്ഞു.