വണ്ടൂർ:രണ്ടു ദിവസങ്ങളിലായി നടന്നു വന്ന റവന്യൂ ജില്ല സ്‌കൂൾ ശാസ്ത്രമേള സമാപിച്ചു. വണ്ടൂർ,തിരുവാലി,എറിയാട് എന്നിവിടങ്ങളിലായി നടന്ന മേളയിൽ വിവിധ വിഭാഗങ്ങളിലായി ആറായിരത്തിലധികം വിദ്യാർത്ഥി പ്രതിഭകൾ പങ്കെടുത്തു. ശനിയാഴ്ച സമാപിക്കേണ്ടിയിരുന്ന മേള ഹർത്താൽ മൂലമാണ് തിങ്കളാഴ്ച്ത്തേക്ക് മാറ്റിയത്. എറിയാട് എ യു പി സ്‌കൂളിൽ നടന്ന സാമൂഹ്യ ശാസ്ത്രമേളയിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 59 പോയിന്റ് നേടി കൊണ്ടോട്ടി ഉപജില്ല ഒന്നാമതും 58 പോയിന്റ് നേടി മലപ്പുറം രണ്ടാമതുമായപ്പോൾ 56 പോയിന്റുകൾ നേടി മങ്കട,വേങ്ങര ഉപജില്ലകൾ മൂന്നാം സ്ഥാനം നേടി. ഹൈസ്‌കൂൾ വിഭാഗത്തിൽ 67 പോയിന്റ് നേടി കൊണ്ടോട്ടി ഒന്നാമതും 64 പോയിന്റ് വീതം നേടി വണ്ടൂർ,നിലമ്പൂർ ഉപജില്ലകൾ രണ്ടാമതുമായി. 61 പോയിന്റ് നേടിയ കിഴിശ്ശേരി മൂന്നാമതാണ്. ഗണിത മേളയിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 120 പോയിന്റ് നേടി മേലാറ്റൂർ ഒന്നമതായി.110 പോയിന്റോടെ വേങ്ങരയും പെരിന്തൽമണ്ണയും രണ്ടാമതും 109 പോയിന്റോടെ കൊണ്ടോട്ടി മൂന്നാമതുമായി. ഹൈസ്‌കൂൾ വിഭാഗത്തിൽ കൊണ്ടോട്ടി ഒന്നാമതായി. പ്രവൃത്തി പരിചയ മേളയിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ കൊണ്ടോട്ടി ഒന്നാമതും വേങ്ങര രണ്ടാമതും പരപ്പനങ്ങാടി മൂന്നാമതുമായി.ഹൈസ്‌കൂൾ വിഭാഗത്തിൽ കൊണ്ടോട്ടി ഒന്നും മങ്കട രണ്ടും നിലമ്പൂർ മൂന്നും സ്ഥാനം നേടി. വണ്ടൂർ ഗേൾസ് സ്‌കൂളിൽ നടന്ന സാമൂഹ്യ ശാസ്ത്രമേളയിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 64 പോയിന്റ് നേടി വേങ്ങര ഉപജില്ല ഒന്നാമതായി. 47 പോയിന്റുമായി പരപ്പനങ്ങാടി രണ്ടാമതെത്തിയപ്പോൾ മൂന്നാം സ്ഥാനം 45 പോയിന്റോടെ മലപ്പുറവും കൊണ്ടോട്ടിയും പങ്കിട്ടെടുത്തു. ഹൈസ്‌കൂൾ വിഭാഗത്തിൽ 65 പോയിന്റുകളുമായി മഞ്ചേരി ഉപജില്ല ഒന്നാമതായി. 59 പോയിന്റുമായി തിരൂർ രണ്ടാം സ്ഥാനവും, 58 പോയിന്റുമായി കൊണ്ടോട്ടി മൂന്നാം സ്ഥാനവും നേടി.